കോഴിക്കോട് കോർപറേഷനിലും താൽക്കാലിക നിയമന വിവാദം
കോഴിക്കോട് കോർപറേഷനിലും താൽക്കാലിക നിയമന വിവാദം. ആരോഗ്യ വിഭാഗത്തിലെ 122 താൽക്കാലിക കണ്ടിൻജൻസി തസ്തികകളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റാൻ സിപിഎം പ്രതിനിധികൾ മാത്രമുള്ള ഇന്റർവ്യൂ ബോർഡാണു രൂപീകരിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും രംഗത്ത്. ഈ നിയമനരീതിയുമായി മുന്നോട്ടുപോയാൽ കോടതിയെ സമീപിക്കുമെന്നും ഇവർ അറിയിച്ചു.
122 പേരുടെ നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആയിരത്തോളം പേരെയാണ് ഇന്റർവ്യൂവിനു ക്ഷണിച്ചത്. ഇന്റർവ്യൂ പ്രഹസനമായിരുന്നുവെന്നു പങ്കെടുത്തവരിൽ ചിലർ ആക്ഷേപമുന്നയിച്ചു. മാർക്ക് മാനദണ്ഡങ്ങൾ വ്യക്തമാക്കിയതുമില്ല. തിരുവനന്തപുരത്തു വിവാദത്തിൽനിന്നു തലയൂരാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ്. ശുചീകരണ ജോലിക്കും മറ്റുമായുള്ള താൽക്കാലിക തസ്തികയിൽ 20,000 രൂപയോളമാണു ശമ്പളം. പിന്നീട് സ്ഥിരപ്പെടാൻ സാധ്യതയുള്ളതിനാൽ ബിരുദധാരികൾവരെ ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു.