കോഴിക്കോട് കോർപ്പറേഷനിൽ റവന്യൂ വിഭാഗത്തിൽ സാമ്പത്തിക തട്ടിപ്പ്
കോഴിക്കോട് കോർപ്പറേഷനിൽ റവന്യൂ വിഭാഗത്തിൽ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. നികുതി പിരിവിന്‍റെ മറവില്‍ രണ്ട് താത്കാലിക ജീവനക്കാർ പണം തട്ടിയതായായാണ് കണ്ടെത്തിയത്. യുഡിഎഫ് കൗൺസിലർമാർ തദ്ദേശ ഭരണ വകുപ്പ് റീജിയണൽ ഡയറക്ടർക്ക് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി.
നികുതി പിരിക്കുമ്പോൾ കെട്ടിട ഉടമയ്ക്ക് നൽകുന്ന രശീതിലും ഓഫീസിൽ എൻട്രി ചെയ്യുന്ന തുകയും തമ്മിലുളള പൊരുത്തക്കേടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. നികുതി പിരിച്ചെടുത്ത കണക്കിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടപ്പോൾ രണ്ട് താത്ക്കാലിക ജീവനക്കാരെ ഒഴിവാക്കി. 1140 രൂപയുടെ നികുതിപ്പണം പിരിച്ച് ഉടമയ്ക്ക് ആ തുകക്കുളള റസീറ്റ് നൽകിയെങ്കിലും ഓഫീസിലെ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയത് 114 രൂപ മാത്രം. ഇത്തരത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും മേൽനോട്ട ചുമതല വഹിക്കുന്ന സെക്രട്ടറിയുൾപ്പെടെ ഇതിന് കൂട്ടുനിൽക്കുന്നുവെന്നുമാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം.
നികുതിയിനത്തിലെ പൊരുത്തക്കേടുകൾ കോർപ്പറേഷൻ ഓഡിറ്റ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിരുന്നു. അഴിമതി സാധ്യത പരിശോധിക്കാൻ നിർദ്ദേശവുമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ, മേയറുടെഅധ്യക്ഷതയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. ഇതുവരെ ആകെ 9 റസീറ്റുകളിൽ മാത്രമാണ് ക്രമക്കേട് കണ്ടെത്തിയത്. 5000 രൂപ ഇത്തരത്തിൽ നഷ്ടമായെന്നും തട്ടിപ്പ് നടത്തിയ താത്ക്കാലിക ജീവനക്കാരെ ഒഴിവാക്കിയെന്നും മേയര്‍ പറഞ്ഞു.