കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തില്‍ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജ രേഖ നിർമ്മാണം, ഐ ടീ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
കേസില്‍ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. സംഭവത്തില്‍ കോർപ്പറേഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോർപ്പറേഷൻ അഡീഷനൽ സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുക. ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കും. അടുത്തിടെ നൽകിയ മുഴുവൻ കെട്ടിട അനുമതിയും പരിശോധിക്കും.
പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടത്തിന് നമ്പർ ഇട്ട് നൽകിയ സംഭവത്തിൽ നാല് പേർക്കെതിരെ നടപടിക്ക് ഉത്തരവെടുത്തിട്ടുണ്ട്. കോർപറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം. കോഴിക്കോട് കോർപറേഷൻ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വൻ തട്ടിപ്പാണ് കോർപറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്.