കോഴിക്കോട് ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2525712 വോട്ടർമാരാണ് പട്ടികയിലുള്ളത്. 1302649 സ്ത്രീകൾ, 1223014 പുരുഷൻമാർ, 49 ഭിന്നലിംഗക്കാർ, 34695 പ്രവാസി വോട്ടർമാർ എന്നിവരുൾപ്പെട്ടതാണ് ലിസ്റ്റ്. 2023 ജനുവരി ഒന്ന് യോഗ്യതാ തിയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2022 സെപ്തംബർ ഒമ്പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ വോട്ടർമാരുടെ എണ്ണം 2519755 ആയിരുന്നു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 09.11.2022 മുതൽ 18.12.2022 വരെയുള്ള സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൽ മരിച്ചതും താമസം മാറിയതും ഉൾപ്പെടെ 16322 വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in)അന്തിമ വോട്ടർ പട്ടിക ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും വോട്ടർപട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്.