കോഴിക്കോട് ജില്ലയിൽ മികച്ച പി ടി എ ക്കുള്ള അവാർഡ് വീണ്ടും തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിക്ക്
കോഴിക്കോട് ജില്ലയിൽ മികച്ച പി ടി എ അവാർഡ് വീണ്ടും തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിക്ക്. 2021- 22 വർഷത്തെ മികച്ച പിടിഎയുടെ പ്രവർത്തനത്തിനാണ് അവാർഡിന് അർഹമായത്. കഴിഞ്ഞ നാലു വർഷമായി ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള വികസന പ്രവർത്തനങ്ങൾ കേരളത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന് ശക്തി പകർന്ന് മാതൃകയായി കൊണ്ടുള്ള പ്രവർത്തനങ്ങളാണ്പി ടി എ യുടെ നേതൃത്വത്തിൽ നടന്നു വരുന്നത് .പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഒത്തു ചേർന്നു കൊണ്ടുള്ള വികസനപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ വൈവിധ്യമായ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാലയ ലൈബ്രറി ജനകീയ പങ്കാളിത്തത്തോടുകൂടി പയ്യോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2021- 22 ൽ നടപ്പാക്കി . പി ടി എ യുടെ നേതൃത്വത്തിൽ തന്നെ ലൈബ്രറിയനേയും നിയമിച്ചു. പുസ്തകങ്ങൾ കുട്ടികൾക്ക് തെരഞ്ഞെടുക്കുന്നതിന് കോഹ സോഫ്റ്റ്‌വെയർ ലൈബ്രറിയിൽ നടപ്പാക്കി.
നാടകോത്സവം നടത്തിയും പുസ്തക പയറ്റ് സംഘടിപ്പിച്ചും ആണ് ലൈബ്രറി പദ്ധതി നടപ്പാക്കിയത്. വിദ്യാലയത്തിലെ കുട്ടികൾക്ക് മാത്രമല്ല അമ്മമാർക്കും പൂർവ്വ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലൈബ്രറി മെമ്പർഷിപ്പ് നടപ്പാക്കി .16 ലക്ഷം രൂപ ചെലവിലാണ് ലൈബ്രറി പദ്ധതി നടപ്പിൽ വരുത്തിയത്.
സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽപ്പെടുത്തി 3 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന് ഉദ്ഘാടനത്തോടനുബന്ധിച്ച് 15 ക്ലാസ് മുറികളിൽ വിദ്യാർഥികൾക്ക് ആധുനിക രീതിയിലുള്ള ഫർണിച്ചറുകൾ ഒരുക്കി. ബിരിയാണി ഫെസ്റ്റ് നടത്തി ആണ് പത്തുലക്ഷം രൂപ സംഘടിപ്പിച്ചത്. കേരള സർക്കാരിന്റെ വിവിധ തലങ്ങളിലുള്ള 8 കോടി രൂപയുടെ ഫണ്ടാണ് കഴിഞ്ഞ 2 വർഷങ്ങളിലായി എം എൽ എ യെ ഉപയോഗപ്പെടുത്തി പി ടി എ നേതൃത്വത്തിൽ നേടിയെടുത്തത്.
കേരള വനംവകുപ്പുമായി സംയോജിച്ച് നടത്തിയ വിദ്യാവനം പദ്ധതിയും ശ്രദ്ധേയമായി. ഉച്ചഭക്ഷണം മെച്ചപ്പെടുത്താനുള്ള ഭാഗമായി ആഴ്ചയിൽ ഒരിക്കൽ ചിക്കൻ കറി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി . 40 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സയൻസ് ലാബുകൾ, മുഴുവൻ കുട്ടികളുടേയും ഗൃഹസന്ദർശനം, പാവപ്പെട്ട കുട്ടികൾക്ക് വീട് നിർമാണവും എന്നിവ പി ടി എയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. 2020 21 സംസ്ഥാനതലത്തിൽ ഏറ്റവും മികച്ചപി ടി എ ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് പയ്യോളി ഹൈസ്കൂളിനായിരുന്നു.
വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനവും 2021 22 അക്കാദമി വർഷത്തിൽ ഇപ്പോൾ ലഭിച്ചുകൊണ്ട് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ബിജു കളത്തിൽ പ്രസിഡണ്ടും ഹെഡ് മാസ്റ്റർ കെ എൻ.ബിനോയ് കുമാർ , പ്രിൻസിപ്പൽ കെ.പ്രദീപൻ , കെ.സജിത് , പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ പി ഗിരീഷ് കുമാർ , അജ്മൽ മാടായി , സജീഷ് കുമാർ , മിനി എം എൻ ,വിൻസി എന്നിവർ ഉൾപ്പട്ട കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.