കോഴിക്കോട് നഗരത്തില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാന്‍ കഴിയാത്ത വനിത ഹോസ്റ്റലുകള്‍ കോര്‍പറേഷന്‍ ലേലം ചെയ്യാനൊരുങ്ങുന്നു
കോഴിക്കോട് നഗരത്തില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാന്‍ കഴിയാത്ത വനിത ഹോസ്റ്റലുകള്‍ കോര്‍പറേഷന്‍ ലേലം ചെയ്യാനൊരുങ്ങുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്തെ ഷീ ലോഡ്ജും മാങ്കാവിലെ ഹൈമവതി തായാട്ട് വനിത ഹോസ്റ്റലുമാണ് പ്രവര്‍ത്തനം ആരംഭിക്കാതെ നാളുകളായി അടഞ്ഞു കിടന്നത്.
രണ്ട് വര്‍ഷം മുന്‍പായിരുന്നു ഷീ ലോഡ്ജിന്റെ ഉദ്ഘാടനം. നാലരക്കോടി രൂപയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 125 പേര്‍ക്കുള്ള താമസ സൗകര്യമുണ്ട്. ട്രെയിന്‍ യാത്രക്കാരായ സ്ത്രീകള്‍ക്ക് സുരക്ഷിതമായ താവളമെന്ന ലക്ഷ്യത്തോടയാണിത് നിര്‍മിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത മാങ്കാവിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ എഴുപത്തഞ്ച് പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. രണ്ടും കോര്‍പറേഷന്റ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടത്താനായിരുന്നു തീരുമാനം.
എന്നാല്‍ യോഗ്യരായവരെ കിട്ടാതെ വന്നതോടെയാണ് പുറത്തുള്ളവര്‍ക്ക് കെട്ടിടം ലേലം ചെയ്ത് നല്‍കാന്‍ തീരുമാനിച്ചത്. ഷീ ലോഡ്ജിന് പത്തു ലക്ഷം രൂപയും വനിത ഹോസ്റ്റലിന് അഞ്ചു ലക്ഷം രൂപയുമാണ് ഒരു വര്‍ഷത്തേക്ക് ലേലത്തുകയായി കോര്‍പറേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. ഏറ്റെടുക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ വന്നാല്‍ അവര്‍ക്കായിരിക്കും മുന്‍ഗണന നൽകുക എന്ന് അധികൃർ വ്യക്തമാക്കി.