കോഴിക്കോട് നഗരത്തിലെ സ്ഥിരം ബൈക്ക് മോഷ്ടാക്കളിലൊരാൾ കസബ പൊലീസ് പിടിയിൽ.
കോഴിക്കോട്: നഗരത്തിലെ സ്ഥിരം ബൈക്ക് മോഷ്ടാക്കളിലൊരാൾ കസബ പൊലീസ് പിടിയിൽ. സുൽത്താൻ ബത്തേരി കാവുമ്പാട് മുഹമ്മദ് ഷമീറാണ് (28) അറസ്റ്റിലായത്. നവംബറിൽ മൊഫ്യൂസിൽ സ്റ്റാൻഡിനടുത്ത് എൻ.ജി.ഒ ക്വാർട്ടേഴ്സിലെ മുരുകേശൻ എന്നയാളുടെ ബൈക്ക് മോഷ്ടിച്ചത് പ്രതിയെന്ന് സിറ്റി കൺട്രോൾ റൂം കാമറയുടെ സഹായത്താൽ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നിരീക്ഷണത്തിൽ മലപ്പുറത്ത് ബൈക്ക് മോഷണം നടത്തിയതും ഇയാളെന്ന് കണ്ടെത്തി.
മലപ്പുറം പൊലീസ് സഹായത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളയിൽ സ്റ്റേഷൻ പരിധിയിൽ വണ്ടി മോഷ്ടിച്ചതായി പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, നൂൽപുഴ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ മോഷണക്കേസ് പ്രതിയാണ്. നഗരത്തിൽനിന്ന് വണ്ടി കടത്തി മലപ്പുറത്ത് പൊളിച്ചുവിൽക്കലാണ് രീതി. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ്, എസ്.ഐ നിഷാദ്, സി.ഡി.ഒ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.