കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ
കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പൊലീസിന്‍റെ പിടിയിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെൺകുട്ടി. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഫെബ്രുവരി 18ന് രാത്രി ബീച്ചിന് സമീപം പ്രതികളിലൊരാൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിൽ നൽകിയ പരാതി. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടി അടുത്ത ദിവസം രാവിലെ ബോധം വന്ന ശേഷം സുഹൃത്തിനെ വിളിച്ച് വരുത്തിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
പെൺകുട്ടി പ്രകടിപ്പിച്ച മാനസികാസ്വാസ്ഥ്യം ശ്രദ്ധിച്ച കോളജ് അധികൃതർ പെൺകുട്ടിക്ക് നൽകിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബത്തെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.