CALICUTDISTRICT NEWS

ബീച്ചാശുപത്രിയിലെ ഡി.ഇ.ഐ.സി. ദേശീയ നിലവാരത്തിലേക്ക്

കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം (ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ-ഡി.ഇ.ഐ.സി) അന്തർദേശീയ നിലവാരത്തിലേക്ക്. രാജ്യത്തെതന്നെ ഒന്നാം നമ്പർ മാതൃകയായ നോയിഡയിലെ ഡി.ഇ.ഐ.സി.യുടെ പ്രവർത്തനരീതിയിലേക്കാണ് ഇത് ഉയർത്തുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി.

 

നിലവിൽ ഇവിടെ 18 വയസ്സ് വരെയുള്ള കുട്ടികളിലെ വൈകല്യം കണ്ടെത്തി ചികിത്സ നൽകുന്നുണ്ട്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ജനനം മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികളിലെ ഏതുതരം വൈകല്യത്തെയും കണ്ടെത്തി സൗജന്യ ചികിത്സ നൽകും. 2020 ജൂണോടെ പദ്ധതി പൂർത്തീകരിക്കാനാകും. കെട്ടിടനിർമാണത്തിനും വാർഡ് വികസനത്തിനുമെല്ലാമായി നാഷണൽ ഹെൽത്ത് മിഷൻ 50 ലക്ഷവും അത്യാധുനിക മെഷീനുകളും മറ്റു ചികിത്സാ സഹായത്തിനുമായി 70 ലക്ഷവും നൽകും.

 

നിലവിൽ ജില്ലയിലെ പ്രസവം നടക്കുന്ന സർക്കാർ ആശുപത്രികളിൽ നിന്നും പരിശോധനയിലൂടെ വൈകല്യമുള്ളവരെ കണ്ടെത്തും. ഇതിനായി വിദഗ്‌ധ സംഘമടങ്ങുന്ന മൊബൈൽ യൂണിറ്റുണ്ട്. ഇത്തരത്തിൽ നടക്കുന്ന പരിശോധനയിലൂടെ വൈകല്യം കണ്ടെത്തുന്ന കുട്ടികളെ ബീച്ചാശുപത്രിയിലെത്തിച്ച് തുടർചികിത്സ നൽകും. ജനുവരിവരെ മാത്രം ഇത്തരത്തിലുള്ള 1880 കുട്ടികളെയാണ് ചികിത്സയ്ക്കെത്തിച്ചത്. ഇവരിൽ 450 കുട്ടികൾ സ്ഥിരമായി തെറാപ്പി എടുത്തുകൊണ്ടിരിക്കുന്നുണ്ട്. ആൺകുട്ടികളിലാണ് കൂടുതലായും വൈകല്യങ്ങൾ താരതമ്യേന കണ്ടെത്തുന്നത്.

 

പരിശോധനകൾ ഇങ്ങനെയെല്ലാം

 

ജനിച്ചുവീണ കുഞ്ഞുങ്ങളുടെ കേൾവി പരിശോധന, രക്തത്തിലെ ഓക്സിജന്റെ നില, പോഷണ സംബന്ധമായ പ്രശ്നങ്ങൾ, നിറം- മണം തുടങ്ങിയവ തിരിച്ചറിയുന്നുണ്ടോ തുടങ്ങിയവയെല്ലാം പരിശോധിക്കും. ഇതിനായി സെൻസറി ഇന്റഗ്രേഷൻ റൂം, വൈറ്റ് റൂമുകൾ, തെറാപ്പി റൂമുകൾ തുടങ്ങിയ ഓരോന്നിനുമുള്ള സൗകര്യങ്ങൾ ബീച്ചാശുപത്രിയിൽ സജ്ജീകരിക്കും.

 

മെഡിക്കൽ ഓഫീസർ, ഡെന്റൽ സർജൻ, ഡെന്റൽ ഹൈജീനിസ്റ്റ്, പീഡിയാട്രീഷ്യൻ, സൈക്കോളജിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, നഴ്‌സ് തുടങ്ങിയവരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമാകും.

 

ഇതിനു പുറമേ ഡി.ഇ.ഐ.സി.യുടെ നേതൃത്വത്തിലുള്ള മൊബൈൽ യൂണിറ്റും ഇത്തരം പരിശോധനകൾ നടത്തും. ആർ.ബി.എസ്.കെ.യുടെ കീഴിലുള്ള നഴ്‌സുമാർ അടങ്ങുന്ന വിദഗ്‌ധ സംഘമാണ് കുട്ടികളിൽ പരിശോധന നടത്തുന്നത്. ജില്ലയിൽ 82 നഴ്സുമാരാണുള്ളത്. ഫറോക്ക്, ബാലുശ്ശേരി, താമരശ്ശേരി താലൂക്ക് ആശുപത്രികൾ, കുന്ദമംഗലം, നരിക്കുനി പി.എച്ച്.സി.കൾ, കുന്നുമ്മൽ കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ആഴ്ചയിലൊരു ദിവസം മൊബൈൽ യൂണിറ്റെത്തി പരിശോധിക്കും.

 

നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം

 

ആറ് വയസ്സിനുമുന്നേ കുട്ടികളിലെ വൈകല്യം കണ്ടെത്തിയാൽ ചികിത്സിച്ച് ഒരു പരിധിവരെ ഭേദമാക്കാൻ സാധിക്കും. എത്രയും നേരത്തേ കണ്ടെത്തുന്നുവോ അതതനുസരിച്ച് കൂടുതൽ മെച്ചപ്പെടുത്താനാകും. നിലവിൽ ഇതിനുള്ള സൗകര്യങ്ങളോ സജ്ജീകരണങ്ങളോ ഇല്ല. ഇതിനായാണ് നോയിഡ മാതൃകയിൽ ബീച്ചാശുപത്രിയിൽ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തെ ഉയർത്തുന്നത്.

 

ടി. അജീഷ്

 

ഡി.ഇ.ഐ.സി. മാനേജർ

 

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button