CRIMEDISTRICT NEWS

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുട‍ർന്ന് രോഗി മരിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുട‍ർന്ന് രോഗി മരിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മരിച്ച സിന്ധുവിൽ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരുന്ന് മാറി കുത്തിവച്ചതാണ് മരണ കാരണമെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ച കൂടരഞ്ഞി സ്വദേശി സിന്ധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയായിരുന്നു. മരുന്നിന്‍റെ പാർശ്വഫലമാകാം സിന്ധുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുന്നതിന് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനക്കായി അയച്ചിരിക്കുകയാണ്.

കടുത്ത പനിയെ തുടര്‍ന്നാണ് കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിക്ക് ഉള്‍പ്പെടെ പരിശോധന നടത്തി. ഇന്നലെ വൈകീട്ട് കുത്തിവയ്പ്പ് എടുത്തതോടെ ആരോഗ്യം മെച്ചപ്പെട്ടു. എന്നാല്‍ രാവിലെ രണ്ടാം ഡോസ് കുത്തിവയ്പ്പ് എടുത്തതോടെ ആരോഗ്യനില വഷളായി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഇതിനുപിന്നാലെ മരുന്ന് മാറി നല്‍കിയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. ഈ ആരോപണം നിഷേധിച്ച മെഡിക്കല്‍ കോളേജ് അധികൃതര്‍, രോഗിക്ക്  നിര്‍ദ്ദേശിച്ചിരുന്ന പെന്‍സിലിന്‍ തന്നെയാണ് നല്‍കിയതെന്ന് വ്യക്തമാക്കി. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button