DISTRICT NEWS

കോഴിക്കോട്  266 വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: തൊണ്ടയാടിനടുത്തുള്ള നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്ന് 266 വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യു കെ നിര്‍മിത വെടിയുണ്ടകളടക്കം കണ്ടെടുത്ത കൂട്ടത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു.
വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞുകയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തി. വെടിയുണ്ട സൂക്ഷിച്ച ബോക്സില്‍ നിന്ന് രണ്ടെണ്ണം ഊരിമാറ്റിയിട്ടുണ്ടെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.
ബൈപ്പാസിന് സമീപത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലേക്ക് അപൂര്‍വമായി വാഹനങ്ങള്‍ വരുന്നത് കാണാറുണ്ടെങ്കിലും സംശയാസ്പദമായി ഇതുവരെ ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.  ഇതുവരെ വെടിയൊച്ചകളൊന്നും കേട്ടിട്ടുമില്ല. പക്ഷേ, വെടിവെപ്പ് പരിശീലനം നടത്തിയതിന്റെ തെളിവുകള്‍കൂടി ലഭിച്ചത് നാട്ടുകാരെ കൂടുതല്‍ ഭയപ്പെടുത്തുന്നുണ്ട്.

തീവ്രവാദബന്ധത്തെക്കുറിച്ച്   സൂചനയൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വെടിയുണ്ടകള്‍ അവിടെയെത്തിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് മേധാവി എ. അക്ബര്‍ പറഞ്ഞു.

പോലീസ് വിശദമായി പരിശോധിച്ചെങ്കിലും മറ്റൊന്നും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടില്ല. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാല്‍, ബോംബ് സ്‌ക്വാഡ് എ എസ് ഐ ആഷ്ലി തോറോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി ശിവാനന്ദന്‍, സി  ധനേഷ്, സി പി ഒ വത്സരാജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് തൊട്ടടുത്ത പറമ്പ് അളക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി പരിശോധിക്കുന്നതിനിടെയാണ് തെങ്ങിന്റെ ചുവട്ടിലായി ആദ്യം ഏതാനും വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, ചൊവ്വാഴ്ച ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചപ്പോഴാണ് ബാക്കി ഇരുനൂറ്റമ്പതോളം വെടിയുണ്ടകള്‍ കവറില്‍ പൊതിഞ്ഞ് ബോക്സുകളിലാക്കി സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

.22 തോക്കിന് (പോയന്റ് 22) 180 മീറ്റര്‍വരെ റേഞ്ചുണ്ട്. അതുകൊണ്ട് അപകടസാധ്യതയും കൂടുതലാണ്.

സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ അനില്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ആര്‍മര്‍ വിഭാഗം എസ്ഐ  പി കെ പൗലോസും സംഭവസ്ഥലത്ത് പരിശോധന നടത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button