CALICUTDISTRICT NEWS
കോവിഡില്‍ ജീവിതം വഴി മുട്ടിയ യുവതികള്‍ക്ക് കൈത്താങ്ങ് – തയ്യല്‍ മെഷീനുകള്‍ സമ്മാനിച്ചു
![](https://calicutpost.com/wp-content/uploads/2020/07/download-1.jpg)
ബിനോയ് വിശ്വം എംപിയുടെ സന്‍സദ് ആദര്‍ശഗ്രാമ യോജന പദ്ധതി പ്രകാരം ദത്തെടുത്ത വളയം ഗ്രാമപഞ്ചായത്തിലെ നിര്‍ധനരായ പത്ത് യുവതികള്‍ക്ക് തയ്യല്‍ മെഷീനുകള്‍ സമ്മാനിച്ചു. കുറഞ്ഞ വരുമാനക്കാർക്ക് ഒരു അധിക വരുമാനം എന്ന നിലക്ക് സർക്കാർ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ‘മേക്കിങ് ആന്‍ഡ് ഇമ്പാക്ട്’ എന്ന പദ്ധതിയുടെ ഭാഗമായാണ് എംപിയുടെ ഈ സഹായം. പദ്ധതി ഉദ്ഘാടനം ബിനോയ് വിശ്വം എം.പി യും തയ്യല്‍ മെഷീന് വിതരണം ഇ.കെ. വിജയന് എം.എല്‍.എ യും വീഡിയോ കോൺഫറൻസിലൂടെ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുമതി അധ്യക്ഷത വഹിച്ചു.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തുടക്കത്തില്‍ തന്നെ മാസ്കുകള്‍ തയ്ക്കാനും ആദ്യം തയ്ക്കുന്ന മാസ്കുകള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കാനും പിന്നീട് നിശ്ചിത തുക കണക്കാക്കി മാസ്ക് വില്പന നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷന് സ്പോണര്ഷിപ്പായാണ് തയ്യല്‍ മെഷീന് ലഭ്യമാക്കിയത്.
മാസ്ക് തയ്ക്കാനാവശ്യമായ തുണി നല്‍കാമെന്ന് ശുചിത്വമിഷന് അറിയിച്ചിട്ടുണ്ട്. ഹരിത കര്‍മ്മ സേനയില്‍ സേവനമനുഷ്ഠിക്കുന്നവരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എസ്.സി, എസ്.ടി വിഭാഗത്തില്‍ പെട്ടവരും ഇവരിലുണ്ട്.
യൂണിറ്റ് ശിശുമന്ദിരത്തിനടിത്തുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. സ്പോണ്‍സര്‍ഷിപ്പിലൂടെ കൊടുത്ത തുണി ഉപയോഗിച്ച് ബിപിഎൽ കുടുംബങ്ങള്‍ക്ക് സൗജന്യമായി രണ്ട് വീതം മാസ്കുകള്‍ നല്‍കുന്നതാണെന്ന് വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുമതി പറഞ്ഞു.
ചടങ്ങിൽ സിജു തോമസ്, ഗ്രാമപഞ്ചായത്ത് പ്രധിനിധികള്‍, സാഗി ചാര്‍ജ്ജ് ഓഫീസര്‍ സൂര്യ പി.എം, ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷന് പ്രധിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments