കോവിഡുൾപ്പെടെ പകർച്ച പനി പടരുന്നു. ഫീവർ ക്ലിനിക്ക് ഇനിയും ആരംഭിച്ചില്ല. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല. കൊയിലാണ്ടി താലൂക്കാശുപത്രിക്ക് ശ്വാസം മുട്ടുന്നു
കൊയിലാണ്ടി: കോവിഡുൾപ്പെടെ പലതരം പനികൾ പടരുന്നു, താലൂക്ക് ആശുപത്രിയിൽ ഫീവർ ക്ലിനിക്കുകൾ ഇനിയും പ്രവർത്തനക്ഷമമായില്ല. ജീവനക്കാരുടെ അപര്യാപ്തത രോഗികളേയും ജീവനക്കാരേയും ഒരു പോലെ പ്രയാസപ്പെടുത്തുന്നു. നിന്നു തിരിയാനിടമില്ലാത്ത തിരക്കാണ് കാലത്തും വൈകീട്ടുമൊക്കെ ആശുപത്രിയിൽ അനുഭവപ്പെടുന്നത്.
പനിയുമായെത്തുന്ന ധാരാളം പേരിൽ കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡ് പരിശോധന ആവശ്യപ്പെട്ടാൽ പോലും രോഗികൾ തയാറാകുന്നില്ല. പഴയതു പോലെ വ്യാപകമായ പരിശോധനക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. പനിക്കുള്ള മരുന്നു വാങ്ങി വീട്ടിൽ പോയി വിശ്രമിക്കാനാണ് എല്ലാവർക്കും താൽപ്പര്യം. ഫീവർ ക്ലിനിക്കുൾ പ്രത്യേകമായി ഏർപ്പെടുത്തി അവിടെ ഏത് തരം പനിയാണെന്ന് പരിശോധന നടത്തി ചികിത്സ നിശ്ചയിച്ചില്ലങ്കിൽ രോഗനിയന്ത്രണം അസാദ്ധ്യമാകുമെന്നും ബന്ധപ്പെട്ടവർക്കഭിപ്രായമുണ്ട്.
കോവിഡിന് പുറമേ ഡങ്കിപ്പനി, എലിപ്പനി എന്നിവയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം പനിബാധിച്ചു മരിച്ച 12 വയസ്സുകാരിക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിരുന്നു. പനിയുമായി താലൂക്കാശുപത്രിയിലെത്തിയ കുട്ടിക്ക് ആവശ്യമായ ചികിത്സ സമയത്ത് ലഭിക്കാത്തതാണ് മരണകാരണമായത് എന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു. ചെള്ളുപനി ബാധിച്ച് തിരുവനന്തപുരത്ത് ഒരു മരണം ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റു പലതരം വയറൽ പനികളും വ്യാപകമായി പടരുന്നതായി റിപ്പോർട്ടുണ്ട്. ഈ അവസ്ഥയിൽ അധികൃതർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെങ്കിൽ മഴക്കാലം ശക്തിപ്പെടുന്നതോടെ പനിപ്പടർച്ച നിയന്ത്രിക്കൽ പ്രയാസമാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രത്യേകമായ പനിക്ലിനിക്കുകൾ ആരംഭിക്കാൻ സംവിധാനമൊരുക്കണമെന്ന് നഗരസഭാധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറയുന്നു.
പഴയ കെട്ടിടങ്ങളൊക്കെ പൊളിച്ചു മാറ്റിയിട്ടുണ്ടെങ്കിലും,അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ പുതിയ കെട്ടിടത്തിലുണ്ട്. അപ്പോഴും നാട്ടുകാർക്കും ജീവനക്കാർക്കും അതിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. ജോലിഭാരം താങ്ങാനാകാതെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് സ്ഥലം മാറ്റം ലഭിക്കുമോ എന്നന്വേഷിക്കുന്ന ജീവനക്കാരുമുണ്ട്. ലാബിൽ കോവിഡിന് മുമ്പ് പതിനേഴ് പേരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പതിനൊന്നായി ചുരുങ്ങി. ഫാർമസിയിൽ ആറു പേർ വേണ്ട സ്ഥാനത്തിപ്പോൾ മൂന്ന് പേരേയുള്ളു. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കുറവായതിനാൽ അന്നത് പ്രശ്നമല്ലായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. രണ്ടായിരത്തിലധികംപേർ നിത്യേന ആശുപത്രിയിലെത്തുന്നുണ്ട്. ജോലി ഭാരം കൊണ്ട് പ്രയാസപ്പെടുന്നതിന് പുറമെ ആളുകളിൽ നിന്ന് പഴി കേൾക്കേണ്ടി വരികയുമാണ് ജീവനക്കാർ. ഇത് പ്രശ്നങ്ങൾ സങ്കീർണമാക്കും. ഇപ്പോൾ ഒ പി സമയം കഴിഞ്ഞാലും മുന്നൂറ്റി അൻപതിനും അഞ്ഞൂറിനുമിടയിൽ ആളുകൾ പ്രതിദിനം ചികിത്സ തേടിയെത്തുന്നുണ്ട്. അത്യാഹിത വിഭാഗത്തിലെ ഒന്നോ രണ്ടോ ഡോക്ടർമാർക്ക് ഇവരെയാകെ പരിശോധിച്ച് മരുന്നു കുറിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മിക്കവാറും പേർക്ക് എന്തെങ്കിലും മരുന്നു കുറിച്ചു നൽകി, പിറ്റേന്ന് ഒ പി യിൽ കാണിക്കാൻ നിർദ്ദേശിച്ച് തിരിച്ചയക്കുയാണ് ചെയ്യുന്നത്.
സ്ഥിരം ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനോ താൽക്കാലിക ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനോ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. നഗരസഭയുടെ ഭരണ നിയന്ത്രണത്തിലുള്ള ആശുപത്രി എന്ന നിലയിൽ നഗരസഭാധികൃതർ കുറേക്കൂടെ കാര്യക്ഷമമായി ഇടപെട്ടാലേ പ്രശ്നപരിഹാരം സാദ്ധ്യമാകൂ എന്നാണ് ആശുപത്രി അധികതരുടെ നിലപാട്. ആരോഗ്യ വകുപ്പിൽ നിരന്തരം ഇടപെട്ട് ജീവനക്കാരെ കൊണ്ടുവരാനോ താൽക്കാലിക നിയമനങ്ങൾ നടത്തി കുറവു പരിഹരിക്കാനോ നഗരസഭാ അധികൃതരും താൽപ്പര്യം കാണിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്.
ഡയാലിസിസ് സെന്റർ വിപുലീകരിക്കുന്നതിനായി ഒരു മാസം മുമ്പ് പൊതുജനങ്ങളിൽ നിന്നും ധനസമാഹരണം നടത്തിയിരുന്നു. ഒന്നരക്കോടിയോളം രൂപ സമാഹരിച്ചതായാണറിവ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഡയാലിസിസ് സെന്ററിൽ ടെക്നീഷ്യൻമാരുടെ എണ്ണക്കുറവാണ് ഇന്നത്തെ പ്രധാന പ്രശ്നം. ഇക്കാര്യം പരിഹരിക്കാനും ഇതുവരെ നടപടിയായിട്ടില്ല. ഡോക്ടർമാരുടെ എണ്ണവും ആവശ്യത്തിനില്ല. കൊയിലാണ്ടി താലൂക്കാശുപത്രിക്ക് ജില്ലാ ആശുപത്രി പദവി നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജില്ലാ ആശുപത്രിയായി ഉയർത്തിയാൽ മാത്രമെ ഡോക്ടർമാരുടേയും അനുബന്ധ ജീവനക്കാരുടേയും തസ്തിക അനുവദിക്കുകയുള്ളു. പുതിയെ കെട്ടിടം വന്നപ്പോൾ ബന്ധപ്പെട്ടവരിൽ നിന്ന് ഉറപ്പ് ലഭിച്ചതാണെങ്കിലും ഒന്നും ഇതുവരെ നടന്നിട്ടില്ല. ഇപ്പോൾ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയത് പണിതു കഴിഞ്ഞാലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണമെങ്കിൽ ആശുപത്രിയുടെ പദവി ഉയർത്തിയേ മതിയാകൂ. നഗരസഭാ ഭരണവും എം എൽ എ യും സംസ്ഥാന ഭരണവുമൊക്കെ കയ്യിലുള്ളവർക്ക് ഇപ്പോഴിതൊന്നും ചെയ്യാനായില്ലെങ്കിൽ പിന്നെയെപ്പോഴാണ് എന്ന ജനങ്ങളുടെ ചോദ്യം പ്രസക്തം തന്നെയാണ്.