KERALAUncategorized

കോവിഡ് കാലത്തെ ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സർക്കാർ ഉത്തരവിറങ്ങി

കോവിഡ് കാലത്ത് ചുമത്തിയ ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സർക്കാർ ഉത്തരവിറങ്ങി. അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകള്‍ പിന്‍വലിക്കുന്നതിനാണ് നിര്‍ദേശം. വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആഭ്യന്തര സെക്രട്ടറി ഡോ. വി  വേണു കണ്‍വീനറായി രൂപീകരിച്ച സമിതിയുടെ ശുപാര്‍ശ സ്വീകരിച്ചാണ് തീരുമാനം. 

കോടതികളുടെ അനുമതിയോടെ കേസുകള്‍ പിന്‍വലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഐ.പി.സി 188, 269, 290, കേരള പൊലീസ് ആക്റ്റിലെ 118 (ഇ), കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സിലെ വിവിധ വകുപ്പുകള്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ് എന്നിവ പ്രകാരം എടുത്ത കേസുകളാണ് പിന്‍വലിക്കുക.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നതും നിയന്ത്രണങ്ങള്‍ അവഗണിക്കുന്നതുമാണ് വകുപ്പ് 188 പ്രകരമുള്ള കുറ്റം. ഒരു മാസം മുതല്‍ ആറു മാസം വരെ തടവ് ലഭിക്കാവുന്നതോ 200 രൂപ മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കാവുന്നതോ ആണിത്. പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപ്പകര്‍ച്ചക്ക് കാരണമാവുന്ന വിധം അശ്രദ്ധയോടെ പെരുമാറുന്നതാണ് വകുപ്പ് 269. ആറുമാസം വരെ തടവോ പിഴയും തടവും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്.

മനഃപൂര്‍വം സമൂഹസുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന തരത്തിലോ സമൂഹത്തിന് അപകടകരമായ തരത്തിലോ ഉള്ള പ്രവൃത്തികള്‍ ചെയ്യുന്നതിനെതിരെയാണ് കേരള പൊലീസ് ആക്ടിലെ വകുപ്പ് 118 (ഇ). മൂന്ന് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയുമാണ് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. കോവിഡ് കാലത്ത് സംസ്ഥാനത്താകെ 1.40 ലക്ഷം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ സാമൂഹിക അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ടവ പിന്‍വലിക്കും. പി എസ് സി ഉദ്യോഗാര്‍ഥികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ജനകീയ സ്വഭാവത്തില്‍ പൊതുമുതല്‍ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കുന്നതില്‍ ഉള്‍പ്പെടും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button