സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നൽകിയത് 132.62 കോടി
സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയ കോവിഡ് രോഗികൾക്കുവേണ്ടി സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത് 132.61 കോടി രൂപ. 263 സ്വകാര്യ ആശുപത്രിയാണ് കോവിഡ് ചികിത്സയ്‌ക്ക് സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി (എസ്എച്ച്എ) എംപാനൽ ചെയ്തത്. ഇതിലൂടെ അരലക്ഷത്തോളംപേർക്ക് ചികിത്സ ലഭ്യമാക്കി.
അതേ സമയം വാക്സിനേഷൻ ഇപ്പോഴും വലിയ കടമ്പയായി തുടരുകയാണ്. കോവിഡ് പോർട്ടൽ വഴി റജിസ്ട്രേഷൻ സാധ്യമാവുന്നത് അപൂർവ്വം പേർക്കാണ്. വാക്സിൻ ഡോസുകൾ എത്തിയ സ്ഥലങ്ങളിൽ പോർട്ടൽ തുറക്കുമ്പോൾ തന്നെ ബുക്കഡ് എന്നു കാണിക്കയാണ്. നേരത്തെ തുറന്ന് കാത്തിരിക്കുന്നവർക്ക് പോലും കിട്ടുന്നില്ല.
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്), കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) പദ്ധതികൾ നടപ്പാക്കാൻ രജിസ്റ്റർചെയ്ത സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി ഒരു വർഷം പൂർത്തീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 709 സ്വകാര്യ ആശുപത്രിയിലാണ് എസ്എച്ച്എ സൗജന്യ ചികിത്സ ലഭ്യമാക്കിയത്.
2020 ജൂലൈ ഒന്നുമുതലാണ് സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി നേരിട്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇ – കാർഡ് രജിസ്‌ട്രേഷൻമുതൽ ഡിസ്ചാർജുവരെ എല്ലാ സേവങ്ങളും എല്ലാ എംപാനൽ ആശുപത്രികളിലെയും ഹൈടെക് കിയോസ്‌കുകളിൽ ലഭ്യമാണ്. ഇതിന് 2000ത്തോളം മെഡിക്കൽ കോഓർഡിനേറ്റർമാരും പ്രവർത്തിക്കുന്നു. രണ്ടുലക്ഷം രൂപയുടെവരെ ചികിത്സാ സഹായം എസ്‌എച്ച്‌എയിലൂടെ ലഭ്യമാകും. വൃക്ക രോഗികൾക്ക് മൂന്നുലക്ഷം രൂപവരെ അനുവദിക്കും.