കോവിഡ് പ്രോട്ടോക്കോൾ പുതുക്കുന്നു. അടച്ചിടൽ രീതി മാറും
സംസ്ഥാനത്ത് അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോൾ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിഷ്കാരം. ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാര്‍ശകള്‍ തയ്യാറാക്കുന്നത്. വാരാന്ത്യ ലോക്ഡൗണും ഇടവിട്ട ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമുണ്ടാവും.
നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശനം ശക്തമാണ്. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. ടി.പി.ആര്‍. നിരക്കും രോഗികളുടെ എണ്ണവും മാനദണ്ഡമാക്കി സംസ്ഥാന തലത്തില്‍ പൊതു നിയന്ത്രണം വേണ്ടതില്ലെന്ന നിലപാടിലാണ് വിദഗ്ധ സമിതി. പകരം ടി.പി.ആര്‍. കൂടിയ ഇടങ്ങള്‍ മൈക്രോ കണ്ടയിന്‍മെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടു വരണം.
കാലിക്കറ്റ് പോസ്റ്റ് ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ ഇതു സംബന്ധിച്ച ക്രോഡീകരിച്ച അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചിരുന്നു.
വാരാന്ത്യ ലോക്ഡൗണ്‍ ഇനി വേണ്ടെന്നാണ് ശുപാര്‍ശ. മൂന്നു ദിവസം മാത്രം പ്രവര്‍ത്തനാനുമതിയുള്ള കടകള്‍ക്ക് എല്ലാ ദിവസവും തുറക്കാം.