കോവിഡ്; ഫെബ്രുവരിയില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് പ്രവചനം, തീവ്രത കുറയും
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഫെബ്രുവരിയിൽ സാധ്യതയെന്ന് ഐ ഐ ടി കാണ്‍പൂരിലെ വിദഗ്ധന്‍. രാജ്യത്ത് പ്രതിദിനം ഒന്ന് മുതല്‍ ഒന്നര ലക്ഷംവരെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടേക്കാം. ഇതിന് രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. കോവിഡിന്റെ മാത്തമാറ്റിക്കല്‍ പ്രോജക്ഷനില്‍ പങ്കാളിയായ മഹീന്ദ്ര അഗര്‍വാളിനെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ഡെല്‍റ്റ വകഭേദത്തോളം മാരകമായിരിക്കില്ല ഒമിക്രോണ്‍ വകഭേദമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മഹീന്ദ്ര അഗർവാൾ അഭിപ്രായപ്പെട്ടു. ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്ന കേസുകള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല എന്ന സാഹചര്യം വിലയിരുത്തിയാണിത്.
പുതിയ വകഭേദത്തിന് വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
രണ്ടാം തരംഗത്തിനിടെ രാജ്യത്ത് പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. മെയ് മാസത്തിലാണ് മൂന്നാം തരംഗം പാരമ്യത്തിലെത്തിയത്. ഭാഗിക ലോക്ഡൗണ്‍, രാത്രി കര്‍ഫ്യൂ, തിരക്ക് നിയന്ത്രിക്കല്‍ എന്നിവയിലൂടെ ഡെല്‍റ്റ വ്യാപനം നേരിട്ടതുപോലെ തന്നെ ഒമിക്രോണ്‍ വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നും അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.