DISTRICT NEWS

ക്രിസ്തുമസ്സ് – പുതുവത്സരം; മയക്കുമരുന്നിനെതിരെ പരിശോധന കർശനമാക്കി വകുപ്പുകള്‍

ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജില്ലയിലെ മയക്കുമരുന്നിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ എക്‌സൈസ്, പോലീസ്, കസ്റ്റംസ്, ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് വകുപ്പുകള്‍. പുതുവത്സരത്തോടനുബന്ധിച്ച് വിവിധ ഹോട്ടലുകളില്‍ നടക്കാന്‍ സാധ്യതയുള്ള ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നിനെതിരെ എക്‌സൈസ്, പോലീസ്, ഇന്റലിജന്‍സ് വിങ്ങ് എന്നിവരുടെ പരിശോധന കര്‍ശനമാക്കും. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാനെത്തുന്നവരെ കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രമേ പാര്‍ട്ടി ഹാളുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.

ആഘോഷ അവസരത്തില്‍ റിസോര്‍ട്ടുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഗ്രൗണ്ടുകളിലും നടത്തുന്ന ഡി ജെ പാര്‍ട്ടികള്‍ എക്‌സൈസിന്റേയും പോലീസിന്റേയും കര്‍ശന നിരീക്ഷണത്തിലാക്കും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾക്കനുസരിച്ച് സംയുക്ത പരിശോധനകള്‍ നടത്തും. ഡ്രഗ്ഗ് ഡിറ്റക്ഷന്‍ ക്വിറ്റ് ഉപയോഗിച്ച് സംശയമുള്ള എല്ലാവരേയും പരിശോധന നടത്തും. പരിശോധനാ ഫലം പോസിറ്റീവ് ആയി കാണപ്പെടുകയാണെങ്കില്‍ അവരുടെ പേരില്‍ എന്‍ഡിപിഎസ് കേസെടുക്കുന്നതിനും സംശയമുള്ള സ്ഥലങ്ങളില്‍ ഡോഗ് സ്‌ക്വാഡ് ഉപയോഗിച്ച് പരിശോധന കര്‍ശനമാക്കുന്നതുമാണ്. ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ പൗരന്മാരെ സംശയമുള്ള പക്ഷം രഹസ്യ നിരീക്ഷണം നടത്തുമെന്നും ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മയക്കുമരുന്ന് പ്രതിരോധം ശക്തമാക്കുന്നതിനായി ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ജി.പ്രദീപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സൈസ്, പോലീസ്, കസ്റ്റംസ്, ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് എന്നിവരുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

യോഗത്തില്‍ ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ജി.പ്രദീപ്, കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ രാജേന്ദ്രന്‍.വി, അസി.എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എം.സുഗുണന്‍, അസി.കമ്മീഷണര്‍ ഓഫ് പോലീസ് നാര്‍ക്കോട്ടിക് സെല്‍ പ്രകാശന്‍ പടന്നയില്‍, കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത്ത് ബാബു, കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍, ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദേ്യാഗസ്ഥര്‍, ഇന്റലിജന്‍സ് വിങ്ങ് ഉദേ്യാഗസ്ഥര്‍, ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റസ് അസോസിയേഷന്‍ പ്രതിനിധികള്‍, ജില്ലയിലെ ക്ലബ്ബുകളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന് എക്‌സൈസ് കണ്‍ട്രോള്‍ റൂം 0495 2372927, 9447178063 പോലീസ് 9497934752 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button