KERALAMAIN HEADLINES

ക്ഷേമ പെന്‍ഷന്‍; കേന്ദ്ര വിഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍

വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കും. സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു ഇതുവരെ പെന്‍ഷന്‍ നല്‍കിയിരുന്നത്. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ കേന്ദ്രം പരിഷ്‌ക്കാരം നടപ്പിലാക്കി.എന്നാല്‍ പുതിയ തീരുമാനത്തില്‍ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. പെന്‍ഷന്‍ വിതരണത്തിനായി കേന്ദ്രം നല്‍കുന്നത് തുച്ഛമായ വിഹിതമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ പരിഷ്‌ക്കാരം ഉപകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3200 രൂപ സംസ്ഥാന സര്‍ക്കാര്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കിയിരുന്നു. സംസ്ഥാനത്ത് ആകെ അരലക്ഷത്തോളം പേര്‍ ക്ഷേമ പെന്‍ഷന്‍ തുക കൈപ്പറ്റുമ്പോള്‍ കേന്ദ്രത്തില്‍ നിന്നുളള വിഹിതം കൂട്ടിച്ചേര്‍ത്ത് പെന്‍ഷന്‍ നല്‍കുന്നത് 4.7 ലക്ഷം പേര്‍ക്കാണ്

മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും 1600 രൂപ നല്‍കിയ ശേഷം പിന്നീട് കേന്ദ്രത്തില്‍ നിന്ന് വിഹിതം വാങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ഇനി മുതല്‍ കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കള്‍ക്ക് ഒരുമിച്ച് 1600 രൂപ ലഭിക്കില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഒരുമിച്ചാണ് ക്ഷേമ പെന്‍ഷന്‍ തുക നല്‍കുന്നത്. എന്നാല്‍ കേന്ദ്രം പ്രതിമാസം തുക കൈമാറുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

അതേസമയം ക്ഷേമ പെന്‍ഷന്‍ തുക ബാങ്കുകളില്‍ എത്തിയെങ്കിലും ട്രെഷറികളില്‍ എത്തിയിട്ടില്ല. സര്‍ക്കാര്‍ ഇന്ന് പണം അനുവദിച്ചില്ലെങ്കില്‍ വിഷുവിന് മുമ്പ് പെന്‍ഷന്‍ ലഭിക്കില്ല. ട്രഷറികള്‍ വഴിയാണ് സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം കൈമാറുന്നത്. എന്നാല്‍ മറ്റ് ബാങ്കുകള്‍ വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് തടസം ഉണ്ടാകില്ല. 80 വയസില്‍ താഴെയുളളവര്‍ക്ക് ലഭിക്കുന്ന ഇന്ദിര ദേശീയ വാര്‍ധക്യ പെന്‍ഷന്‍ തുകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് 1400 രൂപയും കേന്ദ്രം നല്‍കുന്നത് 200 രൂപയുമാണ്. 80 വയസിന് മുകളിലുളളവര്‍ക്ക് ലഭിക്കുന്ന തുകയില്‍ 1100 രൂപ സംസ്ഥാന സര്‍ക്കാരും 500 രൂപ കേന്ദ്ര സര്‍ക്കാരും നല്‍കുന്നു. 80 വയസില്‍ താഴെയുളളവരുടെ ഇന്ദിര ദേശീയ വിധവാ പെന്‍ഷന്‍ ഇനത്തില്‍ സംസ്ഥാന വിഹിതം 1300 രൂപയും കേന്ദ്ര വിഹിതം 300 രൂപയുമാണ്. 80 വയസിന് മുകളിലുളളവരുടെ വിധവാ പെന്‍ഷന്‍ തുകയില്‍ 1100 രൂപ സംസ്ഥാന സര്‍ക്കാരും 500 രൂപ കേന്ദ്ര സര്‍ക്കാരും നല്‍കുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button