കർണാടകയിൽനിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 200 കിലോ പുകയില ഉൽപന്നങ്ങളുമായി വടകര സ്വദേശി അറസ്റ്റിൽ
കർണാടകയിൽനിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 200 കിലോ പുകയില ഉൽപന്നങ്ങളുമായി ഒരാളെ എക്സൈസ് പിടികൂടി. വടകര മേമുണ്ട ചല്ലിവയൽ സ്വദേശി പുതിയോട്ടിൽ അഷ്റഫ് എന്ന റഫീക്കിനെയാണ് (45) എക്സൈസ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ സൂക്ഷിച്ചനിലയിൽ 30,000 പാക്കറ്റ് ഹാൻസ് പിടികൂടിയത്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിതരണംചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു.നേരത്തേയും പുകയില ഉൽപന്നങ്ങളുമായി പിടിയിലായ ഇയാൾ സ്കൂൾ വിദ്യാർഥികളെയാണ് പ്രധാനമായും വിൽപനക്ക് ലക്ഷ്യമിട്ടത്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റിവ് ഓഫിസർ പ്രമോദ് പുളിക്കൂലിന്റെ രഹസ്യവിവര പ്രകാരം വടകര എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്‍പെക്ടർ പി.പി. വേണു, പ്രിവന്റിവ് ഓഫിസർ കെ.സി. കരുണൻ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് സി. രാമകൃഷ്ണൻ, സി.ഇ.ഒമാരായ ജി.ആർ. രാകേഷ് ബാബു, മുസ്ബിൻ, വിനീത് എന്നിവർ പങ്കെടുത്തു.