ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് പൗരധര്‍മ്മം :ഗതാഗതമന്ത്രി
ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് ഓരോ പൗരന്റേയും കടമയാണെന്നും ഗതാഗതവകുപ്പിനോട് സഹകരിച്ചും റോഡ് നിയമങ്ങള്‍ പാലിച്ചും സ്വന്തം ജീവന് മാത്രമല്ല പൊതുജനങ്ങളുടെ ജീവനും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും ബാധ്യതയാണെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്.
സംസ്ഥാനത്ത് റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധത്തിനു പ്രാധാന്യമേറി വരികയാണ്. പത്തു വര്‍ഷ കാലയളവില്‍ വാഹനങ്ങളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഒപ്പം വാഹനാപകടങ്ങളുടെ തോതും കൂടിയിട്ടുണ്ട്. അധിക അപകടങ്ങളുടെയും കാരണം റോഡ് സുരക്ഷാ നിയമങ്ങളിലുള്ള അശ്രദ്ധയും അവഗണനയുമാണെന്നും മന്ത്രി പറഞ്ഞു.
ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓട്ടോറിക്ഷകള്‍ക്ക് സ്റ്റിക്കര്‍ പതിക്കല്‍,നമ്പര്‍ ഇടല് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത് പരിധിയിലെ കുമാരസ്വാമി, അമ്പലത്തുകുളങ്ങര, പെരുമ്പൊയില്‍, 7/6 എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന നൂറോളം ഓട്ടോറിക്ഷകള്‍ക്കാണ് നമ്പര്‍ ഇടുകയും സ്റ്റിക്കര്‍ പതിക്കുകയും ചെയ്തത്.
ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വത്സല അധ്യക്ഷയായി. നന്മണ്ട ജോയിന്റ് ആര്‍ടിഒ കെ പി ദിലീപ്, കാക്കൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ എ ബോസ്,ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ചെട്ട്യാങ്കണ്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇസ്മയില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീല , മെമ്പര്‍മാരായ ഗൗരി പുതിയോത്ത്, നിഷ , പി കെ കവിത ഷാനി എടക്കണ്ടി മീത്തല്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം വിജയന് സ്വാഗതവും മൈത്രി പ്രതിനിധി പി പി ബിജു നന്ദിയും പറഞ്ഞു