ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും
ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും. ബില്ലിന്റെ കരട് തയ്യാറായി. വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാകുക. സമിതിയിൽ സര്‍ക്കാരിന് മേധാവിത്വമുണ്ടാകും. ഗവർണറെ മറികടന്ന് സർക്കാരിന് ഇഷ്ടമുള്ള ആളെ വിസി ആക്കാം കഴിയുന്ന രീതിയിലാണ് ബിൽ.
സർവകലാശാല വിഷയങ്ങളിൽ സർക്കാർ ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ സർവകലാശാല ഭേദഗതി ബില്ലും ബുധനാഴ്ച സഭയിലെത്തും. ലോകായുക്ത ബില്ലും ബുധനാഴ്ച തന്നെ പരിഗണിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് സർക്കാരെത്തിയത്. സിപിഐ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കാരണം വ്യാഴം, വെള്ളി ദിവസങ്ങളിൽ സഭാ സമ്മേളനം. ഈ സഹാചര്യത്തിൽ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കരുതിയ ബില്ലുകളിൽ കൂടി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പരിഗണിക്കാൻ കഴിയാതെ പോകുന്ന മറ്റു ബില്ലുകൾ അതിനുശേഷം സഭ ചേരുന്ന ദിവസങ്ങളിൽ പരിഗണിക്കും.
വിസിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്താനാണു തീരുമാനം. ചാൻസലറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധിക്കു പുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കണ്‍വീനർ. ഭൂരിപക്ഷം അംഗങ്ങൾ ശുപാർശ ചെയ്യുന്ന പാനൽ മാത്രമേ ഗവർണറുടെ പരിഗണനയ്ക്കു വരൂ. ഇതിൽ ഒരാളെ വിസിയായി നിയമിക്കണം.
അതേസമയം, അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക സ്പീക്കർ അവതരിപ്പിച്ചപ്പോൾ, ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. പുനർവിജ്ഞാപനം ചെയ്യാത്തതുമൂലം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കാനാണ് അടിയന്തരമായി സമ്മേളനം ചേരുന്നതെന്നാണു സ്പീക്കർ എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.
സർക്കാർ- ഗവർണർ പോര് പരിധിവിടുമ്പോൾ പ്രതിപക്ഷം തന്ത്രപരമായ നിലപാടിലാണ്. ബന്ധുനിയമനങ്ങളെ എതിർക്കുമ്പോഴും ഗവർണർക്ക് പൂർണ്ണ പിന്തുണയില്ല. ഗവർണര്‍ ഏത് സമയവും സർക്കാറുമായി ഒത്ത് തീർപ്പിന് തയ്യാറാകുമെന്നാണ് പ്രതിപക്ഷ വിമർശനം. മാത്രമല്ല കേന്ദ്രവും ഗവർണ്ണറും പ്രതിപക്ഷവും ചേർന്ന് സംസ്ഥാന സർക്കാറിനെ അട്ടിമറിക്കുന്നുവെന്ന സിപിഎം പ്രചാരണം ചെറുക്കൽ കൂടിയാണ് ലക്ഷ്യം. പോര് സഭയിലേക്ക് നീങ്ങുമ്പോൾ ഗവർണർ മറ്റന്നാൾ ദില്ലിയിൽ നിന്നും കേരളത്തിലെത്തും. കണ്ണൂർ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികളിലേക്ക് രാജ്ഭവൻ ഉടൻ കടക്കും.