CRIME
ഗൗരിയെ കൊല്ലാന്‍ കോഡ് ‘ഇവന്റ്’; ആസൂത്രണം മാസങ്ങളോളം: നിർണായക വെളിപ്പെടുത്തൽ
മുംബൈ ∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കൃത്യമായ ആസൂത്രണം നടന്നതായി പ്രതിയുടെ വെളിപ്പെടുത്തൽ. ‘ഇവന്റ്’എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയത്. വലതുപക്ഷ സംഘടനകളിൽ പെട്ടവരാണ് ഈ കോലപാതകത്തിന് പിന്നിലെന്നും ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശരദ് കലാസ്കർ പറഞ്ഞു
ഇന്നലെ സാമൂഹ്യ പ്രവർത്തകൻ നരേന്ദ്ര ധബോൽക്കറിന്റെ കൊലപാതകത്തിന്റെ നിർണായക വെളിപ്പെടുത്തലിന് ശേഷമാണ് ഗൗരിയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ധബോൽക്കർ, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പ്രതിയുടെ കുറ്റസമ്മതം.
ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്യുക, ആയുധങ്ങള്‍ സംഘടിപ്പിക്കുക എന്നിവയിലാണ് പിടിയിലായ പ്രതി ഉൾപ്പെട്ടിട്ടുള്ളത്. ഗൗരി ലങ്കേഷിനെ വെടിവച്ച പരശുറാം വാഗ്മാരെയുടെ ആയുധം ഒളിപ്പിക്കാനുള്ള ദൗത്യവും കലാസ്കരിന്റേതായിരുന്നു.
2017 സെപ്തംബർ 5 ന് രാത്രിയിലാണ് വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടയിൽ ഗൗരി ലങ്കേഷ് വെടിയേറ്റ് വീഴുന്നത്. 2016 ഓഗസ്റ്റില്‍ ബെൽഗാമിൽ ചേർന്നൊരു യോഗത്തിൽ ഹിന്ദുത്വത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ പട്ടിക തയ്യാറാക്കുകയും ഇവിടെവച്ച് ഗൗരി ലങ്കേഷിനെ വധിക്കാൻ തീരുമാനിക്കുകയുമായിരുന്നെന്ന് പ്രതി പറഞ്ഞു.
പ്രതികളിൽ ഒരാളായ ഭരത് കുർണെയുടെ വീട്ടിൽ വച്ചാണ് കൂടുതൽ ഗൂഢാലോചന നടന്നത്. കൊലപാതകം സംബന്ധിച്ച് സുദീർഘമായ പദ്ധതി തയ്യാറാക്കിയതും ഇവിടെവച്ചാണ്. അമോൽ കാലെ എന്നയാൾ ഒരോരുത്തർക്കും ചുമതലകൾ വീതിച്ചുകൊടുത്തു. കൊലപാതകത്തിന് ഇവന്റ് എന്ന പേരും നൽകി. ദിവസങ്ങൾക്കു ശേഷം ശരദ് കലാസ്കർ, പരശുറാം വാഗ്മാരെ, മറ്റൊരു പ്രതിയായ മിഥുൻ ഭരത് എന്നിവർ കുർനാ മലമുകളിൽ വെടിവയ്പ്പിനുള്ള പരിശീലനത്തൽ ഏർപ്പെട്ടു. ഒരോരുത്തരും 15–20 റൗണ്ട് വരെ ലക്ഷ്യസ്ഥാനത്തേക്ക് വെടിയുതിർത്തു.
പരിശീലനത്തിനു ശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങാൻ അമോൽ കാലെ അറിയിച്ചു. ഇവന്റിന് ഒരു ദിവസം മുൻപ് മാത്രം തിരികെയെത്താനും നിർദേശം നൽകി. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായവരിൽ ഉൾപ്പെട്ടയാളാണ് അമോൽ കാലെ. കൊലപാതകത്തിനു ശേഷം കലാസ്കർ തോക്ക് പല കഷ്ണങ്ങളാക്കി മുംബൈ–നാസിക് ഹൈവേയിലുള്ള പല ഇടങ്ങളിലായി ഉപേക്ഷിച്ചു. വിദഗ്ധരുടെ സഹായത്തോടെ സിബിഐയാണ് പിന്നീട് തോക്ക് കണ്ടെടുത്തത്.
2018–ൽ ആയുധം കൈവശംവച്ച കേസിൽ ശരദ് കലാസ്കറിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് ശരദ് കലാസ്കറിനെ പിടികൂടിയത്. ആയുധം ശേഖരിച്ച കേസിലെ ചോദ്യം ചെയ്യലിനിടയിലാണ് ധാബോൽക്കർ, പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിലെ നിർണായക വിവരങ്ങൾ ലഭിക്കുന്നത്.
Comments