ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ഉദയനഗറിൽ മാവോവാദികൾ വീണ്ടും പോസ്റ്റർ പതിച്ചു
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ഉദയനഗറിൽ മാവോവാദികൾ വീണ്ടും പോസ്റ്റർ പതിച്ചു. പയ്യാനിക്കോട്ടയിൽ ഇരുമ്പയിർ ഖനനനീക്കം അനുവദിക്കില്ലെന്ന പരാമർശമുള്ള പോസ്റ്ററുകളാണ് ഉദയനഗർ വാഹന കാത്തിരിപ്പ് കേന്ദ്രത്തിൽ ഒട്ടിച്ചത്. സമീപത്തുതന്നെ മരത്തിൽ കാട്ടുവള്ളികൾ ഉപയോഗിച്ച് ഒരു ബാനർ കെട്ടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ എന്നിവർക്കെതിരേയും സി.പി.എമ്മിനെതിരേയും പരാമർശങ്ങളടങ്ങിയതാണ് പോസ്റ്ററുകൾ.ഇതിനടുത്തുള്ള ഏഴോളം വീടുകൾക്കുമുന്നിൽ ലഘുലേഖകൾ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചുപറമ്പിൽ വിജയൻ, മംഗലത്ത് വിൽസൺ, ചെറിയ നെല്ലിയുള്ളതിൽ രമ, മുളങ്കോത്തറ ബിപിൻ, മരുതനാൽ രാജേഷ്, കൊച്ചുപറമ്പിൽ സാജു, കുന്നേൽ റെജി എന്നിവരുടെ വീടുകൾക്കു മുന്നിലാണ് ലഘുലേഖകൾ കണ്ടത്. മുതുകാട് ഖനനത്തെ ചെറുക്കുക, സി.പി.എം. നുണകളെ തിരിച്ചറിയുക എന്ന തലക്കെട്ടോടെ സി.പി.ഐ. (മാവോയിസ്റ്റ്) ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലുള്ളതാണ് ലഘുലേഖകൾ.രാത്രിയിൽ വീട്ടുകാർ ഉറങ്ങുന്ന സമയത്താണ് മാവോവാദികൾ എത്തിയതെന്നതിനാൽ ആരെയും വീട്ടുകാർക്ക് നേരിൽക്കാണാൻ കഴിഞ്ഞിട്ടില്ല.കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നാടിനെ തുരന്നെടുത്ത് പരിസ്ഥിതിയെ തകർക്കുന്ന നീക്കത്തെ ചെറുത്തുതോൽപ്പിക്കുക, പശ്ചിമഘട്ടത്തെ കൊള്ളയടിക്കാൻ നൽകാതെ മുതുകാട്ടിലെ കൃഷിഭൂമി സംരക്ഷിക്കുക, പയ്യാനിക്കോട്ടയെ തുരന്നെടുക്കാൻ വരുന്ന ബല്ലാരി റെഡ്ഡിയെ ചവിട്ടിപ്പുറത്താക്കുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലും ബാനറിലുമെല്ലാമുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഈ മേഖലയിൽനിന്ന് പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയതിനെപ്പറ്റിയും പോസ്റ്ററിലുണ്ട്. പേരാമ്പ്ര ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പി.കെ. സന്തോഷ്, പെരുവണ്ണാമൂഴി ഇൻസ്പെക്ടർ കെ. സുഷീർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.