KERALA
ചെയര്‍മാനെ തിരഞ്ഞെടുത്തത് സംസ്ഥാന കമ്മിറ്റി; നിലപാടിലുറച്ച് ജോസ് കെ മാണി വിഭാഗം
കോട്ടയം: കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ. മാണി കൂടി ആ യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എയും എന്‍ ജയരാജ് എംഎല്‍എയും. പാര്‍ട്ടിയിലെ പുതിയ സംഭവ വികാസങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ 312 പേര്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടത്തേണ്ട ഔദ്യോഗിക ഫോറം സംസ്ഥാന കമ്മിറ്റിയാണ്. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തിയാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി ചേര്‍ന്നെടുത്ത തീരുമാനം അംഗീകരിക്കില്ല എന്ന് പി.ജെ ജോസഫ് പറഞ്ഞാല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ ചെയര്‍മാനാണ് അധികാരമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നതിന് അനുസൃതമായാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് ജയരാജ് എംഎല്‍എയും വിശദീകരിച്ചു.
സി. എഫ് തോമസ് പങ്കെടുക്കാത്തതെന്തുകൊണ്ടെന്ന് വ്യക്തല്ല. പങ്കെടുത്തില്ല എന്നതുകൊണ്ട് ആരെങ്കിലും ഏതെങ്കിലും വിഭാഗത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. സി.എഫ് തോമസുള്‍പ്പെടെ നിരവധി ആളുകള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയിലുള്ള 312 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. അതിനാല്‍ വലിയൊരു വിഭാഗം വിട്ടുനിന്നു എന്നുപറയുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments