ചെറുറോഡുകളില്‍ നിന്ന് പ്രധാന പാതകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ അനുയോജ്യമായ വാഹനങ്ങള്‍ വിന്യസിക്കാനൊരുങ്ങി ഗതാഗതവകുപ്പ്
ചെറുറോഡുകളില്‍ നിന്ന് പ്രധാനപാതകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി അനുയോജ്യമായ വാഹനങ്ങള്‍ വിന്യസിക്കാനൊരുങ്ങി ഗതാഗതവകുപ്പ്. ഓട്ടോറിക്ഷകള്‍ മുതല്‍ മിനി വാനുകള്‍ വരെയാണ് ഇത്തരത്തിൽ വിന്യസിക്കാൻ തീരുമാനം. ബസുകള്‍ക്ക് കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുളള ഇടറോഡുകളില്‍ നിന്ന് യാത്രക്കാരെ പ്രധാന റോഡുകളിലേക്ക് എത്തിക്കുന്നതിനായാണ് ഇത്തരം വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നത്. ഇവയ്ക്ക് പെര്‍മിറ്റ് നല്‍കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
വീട്ടുപടിക്കല്‍നിന്നും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ചെറുവാഹനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്. ഭാവിയില്‍ ഒറ്റ ടിക്കറ്റില്‍ ഒന്നിലധികം യാത്രാസംവിധാനങ്ങള്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഓട്ടോറിക്ഷകള്‍ മുതല്‍ 18 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്കാണ് അംഗീകാരം ലഭിക്കുക. കെഎസ്ആര്‍ടിസിക്ക് കുത്തകയുള്ള ദേശസാത്കൃത റൂട്ടുകളിലേക്കുള്ള ചെറുപാതകളില്‍ അംഗീകൃത സമാന്തര വാഹനങ്ങളുണ്ടാകും. കൂടാതെ നിലവില്‍ പ്രധാന പാതകളില്‍ അനധികൃതമായി ഓടുന്ന സമാന്തര വാഹനങ്ങള്‍ക്ക് ജനങ്ങൾ ചെറുറോഡില്‍ അനുവാദം നല്‍കുകയും ചെയ്യും.
കൊവിഡ് ലോക്ഡൗണിന് ശേഷം പ്രതിസന്ധി നേരിടുന്ന ടാക്‌സി മേഖലയ്ക്ക് ആശ്വാസമാകുന്ന നടപടിയാണ് ഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നത്. യാത്രയുടെ ആരംഭം മുതല്‍ അവസാനംവരെ പൊതുഗതാഗതസംവിധാനത്തെ ഏകോപിപ്പിക്കുന്ന സംവിധാനമാണിത്. ഇതിന്റെ ഭാഗമാകുന്ന ചെറുവാഹനങ്ങളെയും കെഎസ്ആര്‍ടിസിയുടെ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.