ചേമഞ്ചേരിയിലെ കുനിക്കണ്ടി മുക്കിൽ ആർപ്പുവിളികളുമായി കലിയനിറങ്ങി
കൊയിലാണ്ടി: ചൂട്ടുകറ്റകളിൽ നിന്ന് പകർന്ന വെളിച്ചത്തിൽ കാർഷിക സമുദ്ധിക്കായി മിഥുന സംക്രമദിനത്തിൽ കലിയൻ തിറ കെട്ടിയാടി. ഉറവ കിനിഞ്ഞിറങ്ങുന്ന ഇടവഴികളിൽ കുഞ്ഞുമീനുകളെ തേടിയിരുന്ന, പാടത്തും തൊടിയിലും വർണ തുമ്പികളെ തേടിയലഞ്ഞ, ബാല്ല്യ ങ്ങുളുടെ പഴയ ഓർമ്മയുണർത്തി കലിയനാട്ടം.തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, വരിനെല്ലും, കതിരണിഞ്ഞ് കാറ്റിൽ നൃത്തം വയ്ക്കുന്ന പാടവും, നീന്തി തുടിക്കുന്ന കുളങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം കണ്ടു ശീലിച്ച പുതുതലമുറയെ ഓർമ്മച്ചിന്തുകളുടെ പഴയ കാലങ്ങളിലേക്ക് തിരികെ നടത്തി കലിയനാട്ടം.
മണ്ണിനോടുമല്ലിട്ടു നിത്യവൃത്തി കഴിച്ചു സന്തോഷത്തോടെ അന്തിയുറങ്ങിയ നമ്മുടെ കാർഷിക പാരമ്പര്യങ്ങളുടെ ഓർമ്മകൾ വീണ്ടെടുത്ത്, തോരാമഴ പെയ്യുന്ന വറുതികാലത്തേക്കുള്ള കായ്കനികളും ധാന്യങ്ങളുമെല്ലാം കരുതി വയ്ക്കാറുണ്ടായിരുന്ന പഴയ കാലത്തിന്റെ ഓർമ പേറി പുതിയ കലിയനാട്ടം.
വറുതിക്കാലത്തിനപ്പുറം നൂറുമേനി വിളയാനും
മനസും ശരീരവും വിഷലിപ്തമാക്കാത്ത കായ്കനികൾ യഥേഷ്ടം നിറയാനും പ്രകൃതിയെ തെല്ലും നോവിക്കാതെ എന്നും പ്രകൃത്യാരാധന നടത്തിയിരുന്ന, പഴമയുടെ നന്മകൾ വീണ്ടെടുത്ത് കലിയൻ കെട്ടിയാടി. ചെണ്ടമേളവും കുരുത്തോലപ്പണ്ടങ്ങളും ചൂട്ടുകറ്റകളും തീർത്ത കലിയനാട്ടം പുതുതലമുറക്ക് ആനന്ദ കാഴ്ചയായി.
പുതു തലമുറയ്ക്ക് തീർത്തും അന്യമായി കൊണ്ടിരിക്കുന്ന ഇത്തരം പ്രകൃത്യാരാധനകളിലേക്ക് ഒരു തിരികെ യാത്രയായ
ഓരോ കലിയനാഘോഷങ്ങളും തേടുന്നത് പ്രകൃതിയെ വിഷലിപ്തമാക്കാത്ത നല്ല നാളെകളെയാണ്.
പ്രളയങ്ങളും കടുത്ത വരൾച്ചകളും പ്രകൃതിദുരന്തങ്ങളും നാളെകളിൽ നമ്മെ തേടി വരാതിരിക്കാൻ
പ്രകൃതിയെ സ്നേഹിക്കണമെന്ന പാഠം പുതു തലമുറയ്ക്ക് കൈമാറാനുള്ള ഇടപെടലാണ് കലിയനാട്ടത്തിലൂടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നെതെന്ന് സംഘാടകർ അറിയിച്ചു.
കല്യാ കല്യാ കൂയ്,,,,
കല്യാ കല്യാ കൂയ് ഞായറാഴ്ച,
(2023 ജൂലൈ 16)
വൈകുന്നേരം അഞ്ചു മണിയോടെയാണ്
കൊളക്കാട് കുനിക്കണ്ടി മുക്കിൽ കലിയനിറങ്ങിയത്.