ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങുന്നു
കേരള സർക്കാറിന്റെ 12 ഇന പരിപാടിയിൽ ഉൾപ്പെട്ട ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു.
ഉദ്ഘാടനം ഫെബ്രുവരി 11ന് കാലത്ത് 9.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ.മുഹമ്മദ് റിയാസ് നിർവഹിക്കും. കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎ കാനത്തിൽ ജമില അധ്യക്ഷയാവും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സതി കിഴക്കയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി കെ അബ്ദുൾഹാരിസ് മെമ്പർമാരായ പി ശിവദാസൻ, വിജയൻ കണ്ണഞ്ചേരി, സജിതഷെറി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത പ്രവർത്തി മൊത്തം 68 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയായിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ശുചിമുറികൾ, വിശ്രമമുറികൾ, റിസപ്ഷൻ, ഭക്ഷണശാല എന്നിവ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
2005-2010 കാലത്തെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനഫലമായി വിലക്കി വാങ്ങിയ 16 സെന്റ് സ്ഥലത്തിൽ രജിസ്ട്രേഷൻ വകുപ്പിന് കൈമാറിയത് കഴിച്ച് ബാക്കി സ്ഥലത്താണ് കെട്ടിടം നിർമ്മാണം പൂർത്തിയായിട്ടുള്ളത്. യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വളരെ ഉപകാരപ്രദവും സൗകര്യപ്രദവുമാണ് ദേശീയപാതയോരത്ത് പണികഴിപ്പിച്ചിട്ടുള്ള ഈ സ്ഥാപനം. തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് കോപ്പറേറ്റിവ് സൊസൈറ്റി ആണ് പ്രവർത്തി ഏറ്റെടുത്ത് പൂർത്തിയാക്കിയിട്ടുള്ളത്.