MAIN HEADLINES

ജനകീയ ഇടപെടലുകൾ വഴി കേരളത്തെ സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമാക്കും- മുഖ്യമന്ത്രി

നാടിന്റെയാകെ ശുചിത്വം ഉറപ്പുവരുത്തുന്നത് സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സംയുക്ത ഉത്തരവാദിത്തമാണെന്ന ബോധ്യമാണ് സർക്കാരിനെ നയിക്കുന്നതെന്നും ഇത് മുൻനിർത്തിയുള്ള ജനകീയ ഇടപെടലുകൾ വഴി കേരളത്തെ സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ നടപ്പിലാക്കുന്ന ശുചിത്വ പെരുമാറ്റചട്ടം ‘അഴക്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ മികച്ച ശുചിത്വ സംസ്കാരമുള്ള നഗരമായി കോഴിക്കോടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കുന്ന പദ്ധതിയാണ് അഴക്. ശുചിത്വമാർന്നതും ഹരിതാഭവുമായ കോഴിക്കോട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുള്ള കർമ്മപദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയ ശുചിത്വ പെരുമാറ്റച്ചട്ടവും ഇന്നു മുതൽ നടപ്പിലാക്കുകയാണ്. എല്ലാ മേഖലകളിലും പെട്ട ജനങ്ങളുമായി ചർച്ച ചെയ്ത ശേഷം തയ്യാറാക്കിയ പ്രോട്ടോക്കോളിൽ പാർപ്പിടങ്ങൾ, സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി മുപ്പതിലധികം മേഖലകളെ പ്രത്യേകമായി കണ്ടുകൊണ്ടുള്ള നിർദ്ദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി നഗരത്തിലെ ഗവൺമെന്റ് ഓഫീസുകളെല്ലാം ഹരിത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇന്ന് തുടക്കം കുറിച്ചു. സ്വകാര്യ, പൊതുമേഖലാ, ബാങ്ക്, ഇൻഷുറൻസ് തുടങ്ങിയ ഓഫീസുകൾക്കും ശുചിത്വ പെരുമാറ്റച്ചട്ടം ബാധകമാകും. ഓഫീസുകളിൽ മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയപ്പെടുന്നില്ലെന്നു ഉറപ്പു വരുത്തും. വിവിധതരം മാലിന്യങ്ങൾ വേർതിരിച്ചു സൂക്ഷിക്കുന്നതിനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കും.

സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന പൊതുലക്ഷ്യത്തോടെ ജലാശയങ്ങൾ ശുചിയാക്കുന്നതിനുള്ള ജനകീയ പ്രചാരണ പരിപാടിക്ക് രൂപം നൽകിയിട്ടുണ്ട്. ജലസ്രോതസ്സുകളിലെ മലിനീകരണതോത് കണക്കാക്കിയും മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തിയും മാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികൾക്കാണ് തുടക്കമിട്ടത്. ഇപ്രകാരം മാലിന്യസംസ്കരണത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതോടൊപ്പം തന്നെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്തുകൊണ്ടാണ് മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കേരളം മുന്നേറുന്നത്. അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘അഴക്’ എന്ന പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുള്ളത്.

നഗരങ്ങളിലെ മാലിന്യപരിപാലനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് അവയുടെ സംസ്കരണം എന്നു തിരിച്ചറിഞ്ഞ് മാലിന്യ സംസ്കരണത്തിനായുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചാണ് മുന്നോട്ടു പോകേണ്ടത്. വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാവുന്ന ജൈവ മാലിന്യങ്ങളുടെ സ്വഭാവവും അളവും പരിഗണിച്ചു അവ സംസ്കരിക്കാൻ യോജിച്ച ഉപാധികൾ കണ്ടെത്തി വീട്ടുടമകളും സ്ഥാപന ഉടമകളും അവ സ്വന്തം ചിലവിൽ സ്ഥാപിക്കണം. ഇത്തരം മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കാൻ കഴിയാത്ത ദുർബല വിഭാഗങ്ങൾക്ക് അവ സ്ഥാപിക്കാനുള്ള ധനസഹായവും സബ്സിഡിയും കോർപ്പറേഷൻ നൽകും. ദുർബല വിഭാഗങ്ങൾ ഒന്നിച്ചു താമസിക്കുന്ന ഇടങ്ങളിൽ കമ്യൂണിറ്റി കമ്പോസ്റ്റിംഗ് രീതികളും പദ്ധതിയിലൂടെ നടപ്പാക്കും.

വരുംതലമുറയെ ബോധവത്ക്കരിക്കാനുതകുന്ന ഇടപെടലുകൾ ‘അഴകി’ന്റെ ഭാഗമായി നടത്തുന്നുണ്ട്. ഓരോ വിദ്യാലയത്തെയും ഹരിതവിദ്യാലയമായി മാറ്റിക്കൊണ്ട് മാലിന്യ സംസ്കരണത്തിനുള്ള ഉപാധികൾ ഉറപ്പാക്കും. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ വിദ്യാലയങ്ങളിൽ ഉണ്ടാകും. എല്ലാ സ്കൂളിലും പെൺകുട്ടികൾക്കായി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഉപയോഗശേഷം നാപ്കിൻ സുരക്ഷിതമായി നശിപ്പിക്കുന്നതിനുള്ള ഇൻസിനേറ്ററുകളും സ്ഥാപിക്കും.

സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിന് നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരായി ഇടപെടണം. 2025 ഓടെ സെപ്റ്റേജ് മാലിന്യങ്ങൾ ഉൾപ്പെടെ ദ്രവമാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ക്യാമ്പയിനായി വലിച്ചെറിയൽ മുക്ത കേരളം നടപ്പാക്കും. സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഗ്രേഡിംഗ് സർട്ടിഫിക്കേഷൻ കൊണ്ടുവരും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ശുചിത്വ പദവി ഉറപ്പാക്കും. സ്വകാര്യ സംരംഭങ്ങളുടെ കൂടി സഹായത്തോടെ കേരളത്തെ സ്ലോട്ടർ വേസ്റ്റ് ഫ്രീ സംസ്ഥാനമാക്കി മാറ്റും. കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള യജ്ഞത്തിൽ ഓരോരുത്തരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button