ജനപ്രിയ മദ്യമായ ‘ജവാൻ റം’ കിട്ടാനില്ലെന്ന പരാതി; ഒരുകോടി രൂപ ചെലവിട്ട് പുതിയ ബോട്ടിലിംഗ് പ്ളാന്റ് തുടങ്ങുന്നു
തിരുവനന്തപുരം: ജനപ്രിയ മദ്യമായ ‘ജവാൻ റം’ കിട്ടാനില്ലെന്ന പരാതി പരിഹരിക്കാനായി ഒരുകോടി രൂപ ചെലവിൽ പുതിയ ബോട്ടിലിംഗ് പ്ളാന്റ് തുടങ്ങുന്നു. തിരുവല്ല വളഞ്ഞവട്ടത്തെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ പ്ളാന്റിൽ നവംബറോടെ ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ടെൻഡറായി. ഈ മാസം അവസാനം കരാർ ഉറപ്പിക്കും. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാവും.
സെമി ഓട്ടോമാറ്റിക് പ്ളാന്റിൽ രണ്ട് ബോട്ടിലിംഗ് ലൈനുകളും ബ്ളെൻഡിംഗ് ടാങ്കുമാണ് നിർമ്മിക്കേണ്ടത്. ഇപ്പോൾ നാല് ബോട്ടിലിംഗ് ലൈനുകളിൽ പ്രതിദിനം 8000 കെയ്സാണ് ഉത്പാദനം. പുതിയ പ്ളാന്റ് വരുമ്പോൾ ഇത് 15,000 കെയ്സാവും. പുതിയ ബ്ളെൻഡർ തസ്തിക സൃഷ്ടിക്കണം. അല്ലാതെ അധിക ജീവനക്കാർ വേണ്ടിവരില്ല.
മദ്ധ്യകേരളത്തിലെ ജില്ലകളിലാണ് ഇപ്പോൾ ജവാൻ റം അധികവും കിട്ടുന്നത്. ഉത്പാദനം കുറവായതിനാലും ട്രാൻസ്പോർട്ടിംഗ് ചെലവും കാരണമാണ് മറ്റു ജില്ലകളിൽ ഇത് കിട്ടാത്തത്. ഉത്പാദനം കൂടുന്നതോടെ മറ്റ് ജില്ലകളിലും ഇവ ലഭ്യമായിത്തുടങ്ങും.
സ്പിരിറ്റ് വില കൂടിയതോടെ ജവാൻ ഉത്പാദനം ലാഭകരമല്ല. ഒരു ലിറ്റർ ബോട്ടിലിന് ചില്ലറ വില 600 രൂപയാണ് . ട്രാവൻകൂർ ഷുഗേഴ്സ് ഒരു ലിറ്റർ മദ്യം ബെവ്കോയ്ക്ക് നൽകുന്നത് 172.91 രൂപയ്‌ക്കാണ്. വില്പന നികുതി, എക്സൈസ് ഡ്യൂട്ടി, സെസ് എന്നിവ ചേർത്ത് ഉപഭോക്താവ് 600 രൂപ നൽകണം. ജവാന് 10 ശതമാനം വില കൂട്ടണമെന്ന ബെവ്കോ ശുപാർശയിൽ സർക്കാർ തീരുമാനമായില്ല. ഓണം വരെ വില കൂട്ടാനിടയില്ല.