ജനുവരി 3 മുതൽ 7 വരെ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും
കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ ബീച്ചിലെ ഫ്രീഡം സ്ക്വയറിലാവും പരിപാടികൾ അരങ്ങേറുക. വൈകുന്നേരം അഞ്ചുമണി മുതൽ പത്തുമണിവരെ ആവും പരിപാടികൾ. അഞ്ചു മുതൽ അഞ്ചു 30 വരെ മത്സര വിജയികൾക്ക് ട്രോഫികൾ നൽകാൻ ഈ വേദി പ്രയോജനപ്പെടുത്തും. 5 30 മുതൽ 6 30 വരെ സാംസ്കാരിക പ്രഭാഷണം, തുടർന്ന് കലാപരിപാടികൾ ഇങ്ങനെയാണ് ക്രമീകരണം. ചണ്ഡാലഭിക്ഷുകിയുടെ ദൃശ്യവിഷ്കാരം, സൂഫി സംഗീതം, ഗസൽ, ഭിന്നശേഷി വിദ്യാർഥികളുടെ ഗാനമേള, ജില്ലയിലെ കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മ (ആക്ട്) നടത്തുന്ന പരിപാടികൾ, പഴയകാല ചലച്ചിത്ര ഗാനമേള, മയക്കുമരുന്നിന് എതിരെയുള്ള ദൃശ്യ ശില്പം, മധുരം മലയാളം, തോൽപ്പാവക്കൂത്ത്, കഥക് നൃത്തം തുടങ്ങിയവ അവതരിപ്പിക്കും. സാംസ്കാരിക പരിപാടികൾക്ക് മുന്നോടിയായി 61 ചിത്രകാരന്മാർ അണിനിരക്കുന്ന സമൂഹ ചിത്രരചനയും നടക്കും.
അവസാന ദിവസം ഓപ്പൺ ഫോറവും ഉണ്ടാകും. മൂന്നിന് വിദ്യാഭ്യാസ മന്ത്രി, ജില്ലയിലെ മന്ത്രിമാർ എന്നിവർക്ക് പുറമേ എം മുകുന്ദൻ, സുഭാഷ് ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആലങ്കോട് ലീലാകൃഷ്ണൻ, കൈതപ്രം, സുനിൽ പി ഇളയിടം എന്നിവർ എത്തിച്ചേരും. ജില്ലയിലെ എംപിമാർ എംഎൽഎമാർ കോർപ്പറേഷൻ ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി ചടങ്ങുകളിൽ പങ്കെടുക്കും. സാംസ്കാരിക കമ്മിറ്റി യോഗത്തിൽ ചെയർമാൻ എ പ്രദീപ്കുമാർ അധ്യക്ഷനായി. കൺവീനർ എം എ സാജിദ്, എസ് എസ് കെ പ്രോഗ്രാം ഓഫീസർ ഡോ. അബ്ദുൽ ഹക്കീം, എകെ മുഹമ്മദ് അഷ്റഫ്, വടയക്കണ്ടി നാരായണൻ, സി പി അബ്ദുൽ റഷീദ്, എംജി ബൽരാജ്, പി സഞ്ജീവ് കുമാർ, കെ വി ശശി, കെ അൻവർ, എൻ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.