DISTRICT NEWS

ജില്ലയിലെ പഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുറക്കണം- മന്ത്രി പി.എ മുഹമ്മദ് റിയാസ്

ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുടങ്ങണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. ആവശ്യം വന്നാല്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കണം. 2018 ല്‍ ജില്ലയില്‍ പ്രളയം ബാധിച്ച പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കണം. പ്രത്യേകിച്ച് രോഗികള്‍, വൃദ്ധര്‍ എന്നിവരെ നേരത്തെ തന്നെ മാറ്റേണ്ടതാണെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വില്ലേജ് ഓഫീസര്‍മാരുമായി സഹകരിച്ച് ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളുണ്ട് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.

അപകട സാധ്യത മുന്നില്‍ കണ്ടുകൊണ്ട് അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍, ഹിറ്റാച്ചി ജെസിബി പോലുള്ള വാഹനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ലിസ്റ്റുകള്‍ സൂക്ഷിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകള്‍ മിക്കവയും സ്‌കൂളുകള്‍ ആയതുകൊണ്ട് അവിടെയുള്ള ശൗചാലയം കുടിവെള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തണം.

ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ അത്യാവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ എല്ലാവരുടെയും സഹകരണം ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികളും പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button