ജില്ലയിലെ ബീച്ചുകളിൽ ഇന്ന് മുതൽ പ്രവേശനം അനുവദിക്കും
കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലും പൊതു പാർക്കുകളിലും ഇന്നു (ഡിസംബർ 4) മുതൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് പ്രവേശനം നൽകാൻ ജില്ലാകലക്ടർ സാംബശിവ റാവു അനുമതി നൽകി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് ഇവിടങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. സന്ദർശകർ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കൃത്യമായ ഇടവേളകളിൽ ഇവിടങ്ങളിൽ ശുചീകരണം നടത്തുകയും മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും.
കോവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ സന്ദർശകരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ഇവ ലംഘിക്കുന്നുണ്ടോ എന്ന് എല്ലാ ദിവസവും പോലീസ് പരിശോധന നടത്തുകയും അത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഇക്കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, ഡി. ടി. പി. സി സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, കോഴിക്കോട് പോർട്ട് ഓഫീസർ എന്നിവർക്കാണ്.