ജില്ലയിലെ വർധിക്കുന്ന ലഹരി ഉപഭോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന സമഗ്ര പദ്ധതിയുമായി ജില്ലാ ഭരണകൂടം
ജില്ലയിലെ വർധിക്കുന്ന ലഹരി ഉപഭോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന സമഗ്ര ലഹരി വിരുദ്ധ പ്രതിരോധ – ബോധവത്കരണ പരിപാടിയായ ‘പുതുലഹരിയിലേക്ക്‘ പദ്ധതിയുമായി ജില്ലാ ഭരണകൂടം. ജീവിതത്തിൽ സന്തോഷം നൽകുന്ന ആരോഗ്യകരമായ ശീലങ്ങളെയോ പ്രവർത്തനങ്ങളെയോ ആണ് ‘പുതുലഹരി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പത്രസമ്മേളനത്തിൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. മനസ്സിനും ശരീരത്തിനും ഹാനികരമാകുന്ന ലഹരി പദാർത്ഥങ്ങൾ വെടിഞ്ഞ് ജീവിതത്തിലെ പലതായ മേഖലകളിൽ നിന്ന് പുതുലഹരികൾ കണ്ടെത്തുക എന്ന അർത്ഥത്തിലാണ് പദ്ധതിക്ക് ‘പുതുലഹരിയിലേക്ക്’ എന്ന് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 27ന് വെള്ളയിൽ സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയ ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ക്യാമ്പസ് ഓഫ് കോഴിക്കോട് പദ്ധതിയിലെ കോളേജ് വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളാകും. ചടങ്ങിന് മുന്നോടിയായി ബൈക്ക്, സൈക്കിൾ, സ്കൈറ്റേഴ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ റാലി ഒരുക്കും. തുടർന്ന് വൈകീട്ട് സംഗീത നിശയും അരങ്ങേറും.
ഇതിന് മുന്നോടിയായി കുട്ടികളിലെ പുതുലഹരി കണ്ടെത്തുന്നതിനായി ‘പുതുലഹരിക്ക് ഒരു വോട്ട്’ എന്ന പേരിൽ വൊട്ടെടുപ്പ് സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വാശ്രയ കോളേജുകളിലാണ് വൊട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഒരുലക്ഷം കോളേജ് വിദ്യാർത്ഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. തിരഞ്ഞെടുത്ത ക്യാമ്പസുകളിൽ ഉയർന്ന റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശനം നടത്തും.
വെള്ളിയാഴ്ച (ജൂൺ 24) രാവിലെ മുതൽ ക്യാമ്പസുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കും. പരിപാടിയിൽ പങ്കാളികളായി നശാ മുക്ത് ഭാരത് അഭിയാൻ തയ്യാറാക്കിയ പ്രതിജ്ഞയെടുക്കുന്നവർക്ക് ഇ- സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും.
ജില്ലയിലെ നാല് താലൂക്കുകളിലായി 13 നിയമസഭാ മണ്ഡലങ്ങളും ജില്ലയിൽ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, തിരഞ്ഞെടുത്ത കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി 100-ലധികം കേന്ദ്രങ്ങളിലൂടെ ’പുതുലഹരിയിലേക്ക്‘ പദ്ധതിക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനം ദീപശിഖയേന്തി പ്രയാണം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രയാണത്തിന് സ്വീകരണം നൽകുകയും ലഹരി അവബോധ സെഷനുകൾ സംഘടിപ്പിക്കുകയും ചെയ്യും. വാഹനത്തിനുള്ളിൽ മിനി എക്സിബിഷനും വീഡിയോ പ്രദർശനവുമുണ്ടാകും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ് വാഹനത്തിന്റെ സജ്ജീകരിച്ചത്.
തിരഞ്ഞെടുത്ത കവലകളിൽ ഇന്ററാക്ടീവ് ഗെയിംസ്, സന്ദേശ രേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, ചർച്ചകൾ, ക്വിസ് സെഷനുകൾ, തുടങ്ങി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ‘പുതുലഹരിക്ക് ഒരു വോട്ട്’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന വോട്ടെടുപ്പിന്റെ ബാലറ്റ് ഓൺ വീൽസ് എന്ന സഞ്ചരിക്കുന്ന പതിപ്പും ഇത്തരം കേന്ദ്രങ്ങളിൽ ക്രമീകരിക്കും. ട്രൈബൽ കോളനികളും, തീരദേശ മേഖലകൾ കേന്ദ്രീകരിച്ചും പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കും. വാഹനം 24 ന് രാവിലെ എരഞ്ഞിപ്പാലം സെന്റ്. സേവ്യേഴ്സ് കോളേജിൽ ഫ്ലാഗ് ഓഫ് ചെയ്യും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നശാ മുക്ത് ഭാരത് അഭിയാൻ, എക്സൈസ്, സാമൂഹ്യ നീതി, തുടങ്ങി 16 വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കും. ഒരു വർഷത്തിനുള്ളിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വീട്ടമ്മമാർ, അധ്യാപകർ തുടങ്ങി എല്ലാ സാമൂഹ്യവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്ന പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കും. കൗൺസിലിങ്ങ്, ഡീ അഡിക്ഷൻ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനായുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് അവരുടെ തനതായ ശൈലിയിൽ വിഷയത്തെ അവതരിപ്പിച്ച് ലഹരിക്കെതിരായി അവർക്കിടയിൽനിന്നുതന്നെ കൂട്ടായ്മകൾക്ക് രൂപം നൽകും. പദ്ധതിയുമായി ചേർന്ന് ക്യാമ്പസ് ഓഫ് കോഴിക്കോട് മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോളേജുകൾക്ക് അംഗീകാരം നൽകും.
പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി എക്സെെസ് കമ്മീഷ്ണർ അബു എബ്രഹാം, അസി. എക്സെെസ് കമ്മീഷ്ണർ എം. സുഗുണൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി എന്നിവർ പങ്കെടുത്തു.