ജില്ലയില്‍ ഇന്നും നാളെയും മെഗാ കോവിഡ് പരിശോധന ക്യാമ്പുകള്‍
കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്നും നാളെയും മെഗാ കോവിഡ് പരിശോധന ക്യാമ്പുകള്‍. കോവിഡ് രോഗികളെ കണ്ടെത്തി ക്വാറന്റെയ്ന്‍ ചെയ്യുകയും, അതുവഴി രോഗത്തിന്റെ സമൂഹ വ്യാപനം തടഞ്ഞ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറക്കുക എന്നതുമാണ് ലക്ഷ്യം എന്ന് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എങ്കില്‍ മാത്രമേ കാറ്റഗറി തിരിച്ചുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനോ ഇളവു വരുത്താനോ കഴിയുകയുള്ളൂ. കോവിഡ് ലക്ഷണമുള്ളവര്‍, കോവിഡ് രോഗി വീട്ടിലുള്ളവര്‍, കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടാകുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്ന വ്യാപാരികള്‍ അടക്കമുള്ളവര്‍, ആശുപത്രികളില്‍ മറ്റ് പരിശോധനകള്‍ക്കോ ചികിത്സക്കോ എത്തിയവര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണം.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രാഥമിക- സാമൂഹ്യ- കുടുംബ- ആരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രി എന്നിവടങ്ങളിലുമാണ് പരിശോധന നടത്തുക. കോവിഡ് ലക്ഷണമുള്ളവര്‍, കോവിഡ് രോഗി വീട്ടിലുള്ളവര്‍ എന്നിവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും അല്ലാത്തവര്‍ക്ക് ആന്റിജന്‍ പരിശോധനയുമാണ് നടത്തുക.
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ജെഡിറ്റി കോംപ്ലക്‌സ്, പുതിയറ എസ്.കെ.ഹാള്‍, ടാഗോര്‍ ഹാള്‍, സമുദ്ര ഓഡിറ്റോറിയം, എലത്തൂര്‍, ചെറുവണ്ണൂര്‍, നല്ലളം, ബേപ്പൂര്‍, രാമനാട്ടുകര, ഫറോക്ക്, കൊയിലാണ്ടി ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക.
ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടര്‍ ചെല്‍സ സിനി, കോഴിക്കോട് സിറ്റി അസി.കമ്മീഷണര്‍ പി.ബിജുരാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, അസി.കലക്ടര്‍ മുകുന്ദ് കുമാര്‍, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.റംല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.