ജില്ലയിൽ ഓണം കൈത്തറി മേളക്ക് തുടക്കമായി
പരമ്പരാഗത വ്യവസായ മേഖലയിൽ കൈത്തറിക്ക് പ്രഥമ സ്ഥാനമുണ്ടെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ ഓണം കൈത്തറി മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ത്യയിൽ കാർഷിക മേഖല കഴിഞ്ഞാല്‍ 43 ലക്ഷത്തിലേറെ പേര്‍ക്ക് നെയ്ത്തിലും അനുബന്ധ ജോലികളിലുമായി പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കുന്ന മേഖലയാണ് കൈത്തറി മേഖല. രാജ്യത്തെ തുണി ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ഈ മേഖലയില്‍ നിന്നാണ്.
മാത്രമല്ല, രാജ്യത്തെ കയറ്റുമതി വരുമാനത്തിലും ഈ മേഖലയുടെ സംഭാവന വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കൈത്തറി വികസനസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കൈത്തറി മേള സംഘടിപ്പിക്കുന്നത്. സെപ്തംബർ 7 വരെയാണ് മേള. സാരികൾ, ബെഡ് ഷീറ്റുകൾ ലുങ്കികൾ, ധോത്തികൾ തുടങ്ങി മനോഹരവും വൈവിധ്യമാർന്നതുമായ കൈത്തറി ഉത്പന്നങ്ങൾ 20 ശതമാനം സർക്കാർ റിബേറ്റോടെ മേളയിൽ ലഭിക്കും.കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി അബ്രഹാം അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം കെ ബാലരാജൻ, ഡെപ്യൂട്ടി രജിസ്ട്രാർ എം വി ബൈജു, കൈത്തറി അസോസിയേഷൻ പ്രതിനിധികളായ എ വി ബാബു, കെ പി കുമാരൻ, വി എം ചന്തുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.