ജില്ലാ പഞ്ചായത്ത് സംയോജിത- സംയുക്ത പദ്ധതികൾ സംബന്ധിച്ച് യോഗം നടത്തി
ജില്ലാ പഞ്ചായത്ത് സംയോജിത- സംയുക്ത പദ്ധതികൾ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ സംയുക്ത പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ഈ സാമ്പത്തിക വർഷം നടപ്പാക്കുന്ന എനേബ്ലിംഗ് കോഴിക്കോട്, ‘ക്രാഡിൽ’, ‘കതിരണി’, ‘സ്നേഹസ്പർശം’, ‘മൊബൈൽ വെറ്ററിനറി ക്ലിനിക് എന്നിവയുടെ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തി.
2022-23 സാമ്പത്തിക വർഷത്തിലെ പദ്ധതി ചെലവ് 100 ശതമാനവും കൈവരിക്കുന്ന തരത്തിൽ പദ്ധതി നടപ്പിലാക്കാൻ മുഴുവൻ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരും സഹകരിക്കണമെന്ന് യോഗം നിർദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാസ്റ്റർ എന്നിവർ സംയുക്ത പദ്ധതികൾക്ക് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ പിന്തുണ അറിയിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല ചർച്ചയുടെ ക്രോഡീകരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മണലിൽ മോഹനൻ പദ്ധതി നിർവഹണത്തിലെ മോണിറ്ററിംഗിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ശിവാനന്ദൻ സ്വാഗതം പറഞ്ഞു. ജില്ലയിലെ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരും ജില്ലാതല നിർവഹണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.