DISTRICT NEWS

ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യ നീതി -വനിതാ ശിശു വികസന വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘ഹാപ്പി ഹിൽ’ പദ്ധതിയുടെ ധാരണാപത്രം ഒപ്പ്‌ വെച്ചു

ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യ നീതി -വനിതാ ശിശു വികസന വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘ഹാപ്പി ഹിൽ’ പദ്ധതിയുടെ ധാരണാപത്രം ഒപ്പ്‌ വെച്ചു. സെന്റ്‌ ജോസഫ്സ്‌ ദേവഗിരി കോളേജ്‌, പ്രൊവിഡൻസ്‌ വിമൻസ്‌ കോളേജ്‌, ജെ.ഡി.ടി. ഇസ്ലാം കോളേജ്‌ ഓഫ്‌ ആർട്സ്‌ ആൻഡ് സയൻസ്‌, ഹോളീ ക്രോസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്മെന്റ്‌ ആൻഡ് ടെക്നോളജി, മലബാർ ക്രിസ്ത്യൻ കോളേജ്‌ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളോട്‌ ചേർന്നാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.

പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, മാനസികവും ശാരീരികവുമായി വെല്ലുവിളികൾ നേരിടുന്നവർ, ഭിന്നശഷിക്കാർ തുടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പിന്നോട്ടു നില്ക്കുന്നവരുടെ സമഗ്ര പരിചരണവും വികസനവും സംരക്ഷണവും ലക്ഷ്യമാക്കി 2019 ൽ ആരംഭിച്ച പദ്ധതിയാണ്‌ ‘ഹാപ്പി ഹിൽ’.

വെള്ളിമാടുകുന്ന്, മായനാട് എന്നിവടങ്ങളിലെ ആശാഭവൻ, ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ് ആൻഡ് ഗേൾസ്, ആഫ്ടർ കെയർ ഹോം, മഹിളാ മന്ദിർ, ഓൾഡ് ഏജ് ഹോം എന്നീ ആറ്‌ സ്ഥാപനങ്ങളാണ്‌ ശ്രദ്ധാകേന്ദ്രം. വെൽഫെയർ ഹോമുകളിലെ അന്തേവാസികളുടെ ആവശ്യങ്ങൾ മനസ്സിലാക്കുക, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ നടത്തുക, സ്വയം തൊഴിൽ പദ്ധതികൾ ആവിഷ്കരിക്കുക, അന്തേവാസികളുടെ മാനസിക – ശാരീരിക ഉല്ലാസം ഉറപ്പു വരുത്തുക, വ്യക്തിത്വ വികാസം ഉറപ്പ് വരുത്തുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ്‌ പദ്ധതി മുഖാന്തിരം ലക്ഷ്യം വെക്കുന്നത്.

രണ്ട് വർഷ കാലയളവിലേക്കാണ്‌ ധാരണാപത്രം ഒപ്പ് വെച്ചിട്ടുള്ളത്. പ്രസ്തുത കാലയളവിൽ വ്യക്തിത്വ വികാസം, നൈപുണ്യ വികസനം, പരിസര ശുചീകരണം, വിവിധ കലാ – കായിക – വിനോദ പരിപാടികൾ, അന്തേവാസികളിലെ വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ വ്യക്തിഗത പരിശീലന പരിപാടികൾ എന്നിവ ഒരുക്കി നൽകുകയാണ്‌ ധാരണ ഒപ്പ് വെച്ച സ്ഥാപനങ്ങൾ ചെയ്യുക.

ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ അഷ്റഫ് കാവിൽ, ഡോ. പ്രതിഭ പി, ആധിയ പി., അർഷ രവികുമാർ, അലൻ ജോയ്, മുഹമ്മദ് അഷ്റഫ്, രമ്യ എ., മുനീറ എ.കെ., പ്രകാശൻ, ജിത ടി.കെ., ജയകുമാർ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button