KOYILANDILOCAL NEWS

‘ജീവതാളം – സുകൃതം ജീവിതം’ മെഗാമെഡിക്കൽ ക്യാമ്പും എക്സിബിഷനും 2023 ജനുവരി 26, 27, 28 തീയതികളിൽ കൊയിലാണ്ടി ഇ എം എസ് ടൗൺ ഹാളിൽ

കൊയിലാണ്ടി നഗരസഭ നടപ്പിലാക്കുന്ന ജീവതാളം – സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായി 2023 ജനുവരി 26, 27, 28 തീയ്യതികളിലായി കൊയിലാണ്ടി ഇ എം എസ് ടൗൺ ഹാളിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭ, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലിരോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗനിർണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ച് കൊണ്ട് രൂപകൽപ്പന ചെയ്ത പദ്ധതിയാണ് ജീവതാളം.

ബഹു. കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം നിർവഹിക്കും. മെഡിക്കൽ ക്യാമ്പുകൾ, കാൻസർ, വൃക്കരോഗ നിർണ്ണയ ക്ലിനിക്, ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാർ, ഡോക്യുമെൻറ്ററി പ്രദർശനം, ആരോഗ്യ വിജ്ഞാനപ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജ്, പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ, തണൽ എന്നിവിടങ്ങളിൽ നിന്നുള്ള ടീമാണ് പ്രദർശനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് ക്യാമ്പന്റെ പ്രവർത്തന സമയം. നഗരസഭയിൽ നിന്നും അടുത്തുള്ള പഞ്ചായത്തുകളിൽ നിന്നുമായി പതിനായിരത്തിലേറെ ആളുകൾ പരിപാടിയിൽ എത്തിച്ചേരുന്ന തരത്തിൽ വാർഡ് തലത്തിലും നഗരസഭാ തലത്തിലും പ്രചരണ പരിപാടികൾ ആണ് നടത്തിയിട്ടുള്ളത്.

ജീവിതശൈലീ രോഗനിർണയ ക്യാമ്പിൽ ജീവതാളം വാർഡ് തലത്തിൽ നടത്തിയ ക്യാമ്പിൽ നിന്നും അല്ലാതെ നേരിട്ടും ആറായിരത്തോളം പേർ പങ്കെടുക്കും എന്ന് പ്രതീഷിക്കുന്നു. 4000 പേർക്ക് വൃക്കരോഗ നിർണ്ണയ പരിശോധനയുടെ ആദ്യപടി എന്നനിലയിൽ യൂറിൻ ആൽബുമിൻ ഷുഗർ പരിശോധന സൗകര്യം ഉണ്ടാവും. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തുന്ന മുഴുവൻ ആളുകൾക്കും RFT (റീനൽ ഫങ്ക്ഷൻ ടെസ്റ്റ്) ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും, ബ്രേസ്റ്റ് സ്ക്രീനിങ്ങിൽ സംശയം കണ്ടെത്തുന്ന 200 പേർക്ക് മാമ്മോഗ്രാം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗർഭാശയഗള പരിശോധനയ്ക്ക് വിധേയരാവുന്നവരിൽ നിന്നും 100 പേർക്ക് പാപ്സ്മിയർ എടുത്ത് പരിശോധിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 

ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായി മാറിയേക്കാവുന്ന കാൻസർ, വൃക്കരോഗം തുടങ്ങിയവ പോലുള്ള ജീവിത ശൈലീരോഗങ്ങളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ – ജീവനക്കാർ, കൊയിലാണ്ടി താലൂക്ക് ആശുപത്രി, തിരുവങ്ങൂർ ബ്ലോക്ക് എഫ് എച്ച് സി എന്നിവരാണ് പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ആശ, ഐ സി ഡി എസ്, കുടുംബശ്രീ, പാലിയേറ്റീവ്, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ സഹകരിക്കുന്നു.


പത്രസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുധ കിഴക്കേപ്പാട്ട് സംഘാടക സമിതി ചെയർമാനും നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. കെ. സത്യൻ,  ജനറൽ കൺവീനറും താലൂക്ക് ആശുപത്രി സൂപ്രണ്ടുമായ ഡോ. വിനോദ് വി, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രജില സി, പ്രചരണ കമ്മിറ്റി ചെയർമാനായ അസീസ് മാസ്റ്റർ, കൊല്ലം സെക്ഷൻ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സി, താലൂക്ക് ആശുപത്രി പി ആർ ഒ  ജയപ്രവീൺ കെ, എന്നിവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button