KERALAUncategorized

ജീവനക്കാരുടെ കൂട്ടവിരമിക്കൽ സർക്കാരിനു വൻ ബാധ്യത

ജീവനക്കാരുടെ ഈ മാസത്തെ കൂട്ടവിരമിക്കൽ സർക്കാരിനു വൻ ബാധ്യതയാവുന്നു. ഇനിയുള്ള രണ്ട് ദിവസങ്ങളിൽ വിരമിക്കാനിരിക്കുന്നവർ കൂടി ഉൾപ്പെടെ പതിനായിരത്തോളം പേരാണ് ഈ മാസം പടിയിറങ്ങുന്നത്. ഈ വർഷം ആകെ വിരമിക്കുന്ന 21,537 പേരിൽ പകുതിയോളം പേർ ഒറ്റ മാസം കൊണ്ടു പടിയിറങ്ങുമ്പോൾ 1,000 കോടിയിലേറെ രൂപയാണു വിരമിക്കൽ ആനുകൂല്യമായി  നൽകേണ്ടി വരിക. ഇതു കണക്കിലെടുത്ത് അടുത്തമാസം പൊതുവിപണിയിൽനിന്നു 2,000 കോടി രൂപയെങ്കിലും സർക്കാർ കടമെടുക്കും. 25 ലക്ഷം രൂപയ്ക്കു മേലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്.

ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പാക്കാനായി മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ വന്നത്. തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും വിരമിക്കൽ ആനുകൂല്യമായി നൽകേണ്ടിവരിക. എത്ര സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും പെൻഷൻ ആനൂകൂല്യങ്ങൾ സർക്കാർ പിടിച്ചുവയ്ക്കാറില്ല.

അതേസമയം വിരമിക്കൽ വഴിയുള്ള പതിനായിരത്തോളം ഒഴിവുകൾ നികത്താൻ സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അടുത്ത ദിവസം സ്കൂൾ തുറക്കാനിരിക്കെ പലയിടത്തും വിരമിച്ചവർക്കു പകരമായി താൽക്കാലിക അധ്യാപകരെയാണു നിയമിക്കുന്നത്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതു കാരണം ഒട്ടേറെപ്പേർ റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയാകും മുൻപ് ജോലിയിൽ കയറാനാകാതെ തള്ളപ്പെടുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button