ജീവനക്കാർക്ക് എല്ലാ മാസവും കോവിഡ് ടെസ്റ്റ് നടത്താൻ നിർദ്ദേശം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരക്കേറിയ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലെയും കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്വകാര്യ- പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാരെ മാസത്തിലൊരിക്കലെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്കണം. ഹാര്‍ബര്‍ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ഡെലിവറി ജീവനക്കാര്‍ എന്നിവരെയും വാര്‍ഡ് ആര്.ആര്.ടികളും എല്‍.എസ്.ജി ആര്.ആര്.ടികളും നിര്‍ദ്ദേശിക്കുന്ന എല്ലവരെയും മാസത്തിലൊരിക്കല്‍ കോവിഡ് പരിശോധനക്ക് വിധേയരാക്കണം.
തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണം. നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിക്ക് നിയോഗിക്കുന്ന രീതി അവസാനിപ്പിച്ച് മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാവണം. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും വാക്സിനേഷന് സെന്ററുകളുടെ എണ്ണം വർധിപ്പിക്കണം.
ആവശ്യമായ ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നോ എഫ്.എല്‍.ടി.സികളില്‍ നിന്നോ ജോലി ക്രമീകരണവ്യവസ്ഥയില്‍ നിയോഗിക്കാം. അടിയന്തിര സാഹചര്യത്തിൽ തനത് ഫണ്ട് ഉപയോഗിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്.