ജീവിക്കാനുള്ള അവകാശത്തിനും മുകളിലല്ല മതവികാരം – സുപ്രീം കോടതി
പൗരന്മാരുടെ ആരോഗ്യത്തിനാണ് പ്രഥമപരിഗണന നൽകേണ്ടത്. മതവികാരമടക്കം മറ്റെല്ലാം ജീവിക്കാനുള്ള അവകാശത്തിന് താഴെയാണെന്നും സുപ്രീംകോടതി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാർ കാവടി തീർഥയാത്രയ്‌ക്ക് അനുമതി നൽകുന്നത് ജസ്‌റ്റിസുമാരായ റോഹിന്റൺ നരിമാൻ, ഭൂഷൺ ഗവായ് എന്നിവർ അംഗങ്ങളായ ബെഞ്ച് വിലക്കി. കാവടിയാത്രയ്‌ക്ക് യുപി സർക്കാർ അനുമതി നൽകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി ഇടപെടൽ.
കാവടിയാത്ര നടത്താനുള്ള തീരുമാനം ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇതരം കാര്യങ്ങൾ എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. പൗരന്മാരുടെ ജീവനും ആരോഗ്യത്തിനുമാണ് പ്രഥമപരിഗണന. കാവടിയാത്രയ്‌ക്ക് അനുമതി നൽകാനുള്ള തീരുമാനവുമായി യുപി സർക്കാർ മുന്നോട്ടുപോകരുത്’–- സുപ്രീംകോടതി നിരീക്ഷിച്ചു.
ശിവഭക്തർ കാവടികളുമായി ഹരിദ്വാറിലോ ഗോമുഖിലോ ഗംഗോത്രിയിലോ പോയി ഗംഗാജലം ശേഖരിച്ച് ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുന്ന ആചാരമാണ് കാവടിയാത്ര. പൂർണ വിലക്കേർപ്പെടുത്താൻ കഴിയില്ലെന്ന യുപി സർക്കാർ വാദത്തിന്, എങ്കിൽ അനുമതി നിഷേധിച്ച് ഉത്തരവിറക്കേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. കോടതി നിലപാട് യുപി സർക്കാരിനെ അറിയിക്കാമെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡ്വ. സി എസ് വൈദ്യനാഥൻ അറിയിച്ചു. തിങ്കളാഴ്‌ച കോടതി കേസ് വീണ്ടും പരിഗണിക്കും.