പന്തീരാങ്കാവ് : സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവാവ് 28 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് രക്ഷപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പന്തീരാങ്കാവ് മണക്കടവ് റോഡിലുള്ള കെ.കെ. ജ്വല്ലറിയിൽ മാല വാങ്ങാനായി എത്തിയ യുവാവും റോഡിൽ ബൈക്കിൽ കാത്തുനിന്ന സുഹൃത്തും ചേർന്ന് മോഷണം നടത്തിയത്.
കുട്ടികൾക്കുള്ള ഒന്നരപ്പവൻ തൂക്കംവരുന്ന മാലയാണ് ഇവർ ആവശ്യപ്പെട്ടത്. ജ്വല്ലറി ഉടമ കെ.കെ. രാമചന്ദ്രൻ മാത്രമാണ് കടയിലുണ്ടായിരുന്നത്. വിവിധ മോഡലിലുള്ള മാലകൾ നോക്കുന്നതിനിടയിൽ രണ്ട് മാലകളുമായി യുവാവ് പുറത്തേക്ക് ഓടുകയായിരുന്നു. ഉടനെതന്നെ ജ്വല്ലറി ഉടമയും പിറകെ ഓടിയെങ്കിലും യുവാവ് പുറമെ തയ്യാറായിനിന്നിരുന്ന ബൈക്കിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു.
പിറകെ ഓടുന്നതിനിടയിൽ രണ്ടുതവണ റോഡിൽവീണ രാമചന്ദ്രൻ വീണ്ടും എഴുന്നേറ്റ് ഓടി ബൈക്ക് തടഞ്ഞ് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമംനടത്തി. എന്നാൽ അദ്ദേഹത്തെ തള്ളിമാറ്റി മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.
ഈ സമയം റോഡിലും അടുത്ത കടകളിലുമുള്ള ആളുകൾ കാര്യമറിയാതെ പരിഭ്രാന്തരായി. സന്ദർഭോചിതമായി ഇടപെട്ടിരുന്നെങ്കിൽ മോഷ്ടാക്കളെ പിടികൂടാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 16, 12 ഗ്രാമുകൾ തൂക്കം വരുന്ന രണ്ടുമാലകളാണ് നഷ്ടപ്പെട്ടത്. പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.