ജൈവ മാലിന്യ സംസ്‌ക്കരണത്തിന് കൊയിലാണ്ടി നഗരസഭയില്‍ വന്‍ തുക മുടക്കി സ്ഥാപിച്ച 12 തുമ്പൂര്‍ മുഴി പ്ലാന്റുകളില്‍ ആകെ പ്രവര്‍ത്തിക്കുന്നത് നാലെണ്ണം മാത്രം
കൊയിലാണ്ടി: ജൈവ മാലിന്യ സംസ്‌ക്കരണത്തിന് കൊയിലാണ്ടി നഗരസഭയില്‍ വന്‍ തുക മുടക്കി സ്ഥാപിച്ച 12 തുമ്പൂര്‍ മുഴി പ്ലാന്റുകളില്‍ ആകെ പ്രവര്‍ത്തിക്കുന്നത് നാലെണ്ണം മാത്രം. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് 12 ഇടങ്ങളില്‍ പ്ലാന്റുകള്‍ പണിതത്.മൊത്തം 45,18,931 രൂപയാണ് തുമ്പൂര്‍മുഴി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നഗരസഭ ചെലവഴിച്ചതെന്ന് നഗരസഭ കൗണ്‍സിലര്‍ കേളോത്ത് വത്സരാജിന് വിവരാവകാശ നിയമ പ്രകാരമുളള ചോദ്യത്തിന് ഉത്തരമായി നഗരസഭാധികൃതര്‍ മറുപടി നല്‍കിയിട്ടുണ്ട്. കോതമംഗലം ജി.എല്‍.പി സ്‌കൂളില്‍ 1.08,430 രൂപ ചെലവില്‍ നിര്‍മ്മിച്ച പ്ലാന്റ് നഗരസഭയറിയാതെ പൊളിച്ചു നീക്കി അവിടെ മറ്റ് ചില നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിരിക്കുകയാണ്. 2018-19 പദ്ധതിയില്‍ പെടുത്തിയാണ് കോതമംഗലം ജി.എല്‍.പി സ്‌കൂളില്‍ പ്ലാന്റ് സ്ഥാപിച്ചത്. നഗരസഭ സ്ഥാപിച്ച തുമ്പൂര്‍ മുഴി പ്ലാന്റ് പൊളിച്ചു മാറ്റുന്നതിന് മുമ്പ് ആരും തന്നെ ഇക്കാര്യത്തില്‍ നഗരസഭയോട് അനുവാദം ചോദിച്ചു അപേക്ഷ നല്‍കുകയോ ,അനുമതി നല്‍കുകയോ ചെയ്തിട്ടില്ലെന്നും മറുപടി പറയുന്നു. നഗരസഭയുടെ അനുമതിയില്ലാതെയാണ് പ്ലാന്‍രറ പൊളിച്ചു മാറ്റിയതെന്ന് ചുരുക്കം.
2017-18 വര്‍ഷം മുതലാണ് കൊയിലാണ്ടി നഗരസഭയില്‍ തുമ്പൂര്‍മുഴി പദ്ധതി നടപ്പിലാക്കുന്നത്. 2017-18 വര്‍ഷത്തില്‍ 15,13,600 രൂപയും,2018-19 വര്‍ഷത്തില്‍ 20,60,170 രൂപയും,2019-20 വര്‍ഷത്തില്‍ 7,46,960 രൂപയും,2022-23 വര്‍ഷത്തില്‍ 1,98,201 രൂപയുമാണ് നഗരസഭ ഇക്കാര്യത്തിനായി ചെലഴിച്ചത്. പുതിയ ബസ് സ്റ്റാന്റിന് കിഴക്കു വശം,പുതിയ സ്റ്റാന്റിന് വടക്ക് ഭാഗം,കൊല്ലം മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിന് മുകളില്‍,കോതമംഗദലം ഗവ എല്‍.പി സ്‌കൂള്‍,കൊയിലാണ്ടി ഗവ ജി.വി.എച്ച്.എസ്.എസ്,ഗവ മാപ്പിള വി.എച്ച്.എസ്.എസ്,പന്തലായനി ഗവ എച്ച്.എസ്.എസ്,താലൂക്കാശുപത്രി കോമ്പൗണ്ട്,ടൗണ്‍ഹാളിന്റെ കിഴക്ക് ഭാഗം,മിനി സിവില്‍ സ്റ്റേഷന്‍ പരിസരം,മാര്‍ക്കറ്റ് കെട്ടിടത്തിന് മുകള്‍ ഭാഗം,ഹോമീയോ ആശുപത്രി എന്നിവിടങ്ങളിലാണ് പ്ലാന്റ് സ്ഥാപിച്ചത്. പുതിയ ബസ് സ്റ്റാന്‍രിന് സമീപമുളള രണ്ട് പ്ലാന്റുകളും,കൊല്ലം മത്സ്യമാര്‍ക്കറ്റിലെയും,മിനി സിവില്‍ സ്റ്റേഷനിലേയും പ്ലാന്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.
തുമ്പൂര്‍ മുഴി പ്ലാന്റ് നിര്‍മ്മാണത്തിലെ അപാകത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ കേളോത്ത് വത്സരാജും എം.ദൃശ്യയും ആവശ്യപ്പെട്ടു. കോതമംഗലം ജി.എല്‍.പി സ്‌കൂളില്‍ സ്ഥാപിച്ച പ്ലാന്‍ര് നഗരസഭ അറിയാതെ പൊളിച്ചു മാറ്റിയത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നഗരസഭയിലെ വിവിധ വികസന പ്രവര്‍ത്തികള്‍ നടപ്പാക്കിയതില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണത്തിനാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കുന്നത്.