ജോലി വാഗ്ദാന തട്ടിപ്പ് നടത്തിയ യുവതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി പരാതി
കോഴിക്കോട് : പൊലീസ് സർക്കാർ സർവീസിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതിയെ സംരക്ഷിക്കാൻ കൂട്ടു നിൽക്കുന്നതായി ആരോപണം. ആരോപണവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 24ന് ആണു ബാലുശ്ശേരി സ്വദേശിയായ സ്മിത കലക്ടറേറ്റിൽ പിടിയിലായത്. അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന്റെ ഓഫിസിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയിൽ നിന്നു മൂന്നര ലക്ഷം രൂപ വാങ്ങിയ സ്മിത അയാളെയും കൂട്ടി കലക്ടറേറ്റിൽ എത്തിയപ്പോഴാണു പിടിയിലായത്. സംശയം തോന്നിയ ജീവനക്കാർ തടഞ്ഞു വച്ചു പൊലീസിൽ അറിയിക്കുകയായിരുന്നു.
നടക്കാവ് പൊലീസ് സ്ഥലത്തെത്തി യുവാവിനോടും സ്മിതയോടും വിവരങ്ങൾ ആരാഞ്ഞു. യുവാവിനു പരാതിയില്ലെന്നു പറഞ്ഞപ്പോൾ സ്മിതയെ വിട്ടയച്ചു. എന്നാൽ സ്മിത വലിയ തൊഴിൽ തട്ടിപ്പു സംഘത്തിൽ ഉൾപ്പെട്ടയാളാണോ സമാനരീതിയിൽ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നൊന്നും പൊലീസ്അ ന്വേഷിച്ചില്ല. എഡിഎം ഓഫിസ് കേന്ദ്രമാക്കി തട്ടിപ്പിനു ശ്രമിച്ച സംഭവത്തിൽ പൊലീസിനു സ്വന്തം നിലയിൽ കേസെടുക്കാവുന്നതാണ്. എഡിഎം പരാതി നൽകിയെങ്കിലും അതിനെ സാധാരണ പരാതിയുടെ ഗൗരവം പോലും നൽകാതെയാണു പൊലീസ് കൈകാര്യം ചെയ്തതെന്ന ആക്ഷേപമുണ്ട്. നടപടിക്രമത്തിന്റെ ഭാഗമായി എഡിഎമ്മിന്റെ ചേംബറിൽ പൊലീസ് എത്തി മൊഴി രേഖപ്പെടുത്തിയതല്ലാതെ പ്രതിയെ പിടികൂടിയില്ല..
കാര്യങ്ങൾ അന്വേഷിക്കുകയാണ് എന്നാണു പൊലീസ് ഇപ്പോഴും പറയുന്നത്. സ്മിതയ്ക്കു മുൻകൂർ ജാമ്യം ലഭിക്കാനുള്ള സമയം പൊലീസ് ബോധപൂർവം നൽകുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. സ്മിതയെ സംരക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായതായാണ് സംശയം. പരാതിക്കാരനില്ലെന്ന കാരണം പറഞ്ഞു സ്മിതയെ വിട്ടയയ്ക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നടക്കാവ് പൊലീസിനു നിർദേശം നൽകിയെന്നാണു സംശയം. സിവിൽ സ്റ്റേഷൻ ചൂണ്ടിക്കാട്ടി തൊഴിൽ തട്ടിപ്പു ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു നേരത്തെ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നിട്ടും കിട്ടിയ ആളെ വിട്ടയയ്ക്കുകയാണ് പൊലീസ് ചെയ്തത്.