ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായർ പൊലീസ് കസ്റ്റഡിയില്‍
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒന്നരകോടിയോളം രൂപയാണ് പ്രതികള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് തട്ടിയതെന്ന് പോലീസ് പറയുന്നു. 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ദിവ്യാ ജ്യോതി എന്ന ദിവ്യാ നായരാണ് കേസിലെ മുഖ്യപ്രതി. ഇവര്‍ വിവിധ ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ ടൈറ്റാനിയത്തില്‍ ഒഴിവുകള്‍ ഉണ്ടെന്ന് പോസ്റ്റുകളിടും. വിവരം ചോദിച്ച് വരുന്നവര്‍ക്ക് ഇന്‍ബോക്‌സിലൂടെ മറുപടി നല്‍കുന്നതോടൊപ്പം പണവും ആവശ്യപ്പെടും. ദിവ്യാ ജ്യോതിയുടെ പാളയത്തെ വീട്ടിലെത്തി ഭര്‍ത്താവ് രാജേഷിന്റെ സാന്നിധ്യത്തിലാണ് പലരും പണം നല്‍കിയത്.
പ്രേംകുമാര്‍ എന്ന മൂന്നാം പ്രതിയുടെ സഹായത്തോടെ ശ്യാംലാല്‍ എന്നയാളാണ് പണം നല്‍കിയവരെ സമീപിക്കുന്നത്. ശ്യാംലാലിന്റെ വാഹനത്തിലാണ് ടൈറ്റാനിയത്തിലേക്ക് ഇന്റര്‍വ്യുവിന് കൊണ്ടുപോയതെന്നും തെളിഞ്ഞു. ടൈറ്റാനിയം ലീഗല്‍ അസിസ്റ്റന്റ് ജനറല്‍മാനേജര്‍ ശശികുമാരന്‍ തമ്പിയാണ് ഇന്റര്‍വ്യൂ നടത്തുന്നതെന്നും പരാതിക്കാര്‍ പൊലീസിനെ മൊഴി നല്‍കിയിട്ടുണ്ട്.
കേസിലെ പ്രതി ദിവ്യ നായരുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ ,ശ്യാംലാൽ, ശശികുമാരൻ തമ്പി ഉൾപ്പെടെ മറ്റ് പ്രതികൾ ഒളിവിലാണ് . ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. അതിനിടെ ടൈറ്റാനിയം ലീഗൽ ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ ടൈറ്റാനിയം സസ്പെൻഡ് ചെയ്തേക്കും.
പണം നഷ്ടപ്പെട്ടവർ കൂട്ടത്തോടെ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്. വിവിധ സ്റ്റേഷനുകളിലായാകും പരാതി ഫയൽ ചെയ്യുക.നിലവിൽ വെഞ്ഞാറമൂട്,കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആർ.കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പൂജപ്പുര പൊലീസ് അന്വേഷിക്കുന്നത്.