KERALAUncategorized

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ യുവാവ് ചവിട്ടിവീഴ്ത്തി

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ യുവാവ് ചവിട്ടിവീഴ്ത്തി. കോട്ടയത്താണ് സംഭവം. വഴിയില്‍ വീണ പൊലീസുകാരന്‍ എഴുന്നേറ്റ ഉടന്‍ വീണ്ടും അടിച്ചുവീഴ്ത്തി. പിടികൂടാനെത്തിയ ട്രാഫിക് എസ്.ഐയെ കഴുത്തിനടിച്ചു വീഴ്ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തി.

കോട്ടയം ട്രാഫിക് എസ്ഐ ഹരിഹരകുമാര്‍, കോട്ടയം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കുമാരനല്ലൂര്‍ താഴത്തുവരിക്കേല്‍ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം നഗരമധ്യത്തില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. നഗരത്തിലെ ബസേലിയോസ് കോളജിന് സമീപം ട്രാഫിക് ജോലി നോക്കുന്നതിനിടെയാണ് പൊലീസുകാരനായ വിജേഷിനെ യുവാവ് ചവിട്ടിവീഴ്ത്തിയത്. വഴിയില്‍ നില്‍ക്കുന്നതിനിടെ നടന്നുവന്ന യുവാവ് പ്രകോപനമൊന്നുമില്ലാതെ  പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവംകണ്ട് സമീപം പാര്‍ക്കു ചെയ്തിരുന്ന പൊലീസ് വാഹനത്തിലുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ വാഹനത്തില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ കൈയ് തിരിഞ്ഞുപോയ പൊലീസുകാരന്‍ കാരണമില്ലാതെ ഒരാള്‍ തന്നെ ആക്രമിക്കുന്നുവെന്ന് വയര്‍ലെസ് സെറ്റിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു.

ചന്തക്കവല ഭാഗത്തേയ്ക്ക് നടന്നുപോയ യുവാവിനെ വിവരമറിഞ്ഞെത്തിയ സ്‌പൈഡര്‍ പട്രോള്‍ സംഘം പിന്‍തുടര്‍ന്നു. ഇതുകണ്ട ആക്രമി വീണ്ടും പൊലീസുകാര്‍ക്കുനേരെ പാഞ്ഞടുത്തു. കോട്ടയം ട്രാഫിക് എസ്.ഐ. ഹരിഹരകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ചന്തക്കവല ഭാഗത്തേയ്ക്ക് ഉടനെത്തി. ഈസമയം ഫുട്പാത്തിലൂടെ നടന്നുപോയ യുവാവിനെ പിടികൂടാന്‍ ശ്രമിച്ച എസ്ഐയുടെ കഴുത്തിലടിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എസ്ഐയും മറ്റ് പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. പ്രതിക്കെതിരെ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button