ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
സുപ്രീംകോടതിയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ജസ്റ്റിസ് യുയു ലളിതിന്റെ പിന്‍ഗാമിയായ ഡിവൈ ചന്ദ്രചൂഡ് അടുത്ത രണ്ടുവര്‍ഷം ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാൽ പ്രധാനമന്ത്രി ചടങ്ങിലെത്തിയില്ല.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിമാര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്ഥാനം ഒഴിയുന്ന ചീഫ് ജസ്റ്റിസും പുതിയ ചീഫ് ജസ്റ്റിസും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതി ഉള്‍പ്പെടെയുള്ളവരും ചേര്‍ന്ന് ഗ്രൂപ്പ്‌ഫോട്ടോയും എടുക്കാറുണ്ട്. ഇത്തവണ പ്രധാനമന്ത്രിയില്ലാതെയാണ് ഈ ഫോട്ടോ സെക്ഷനും നടന്നത്.