MAIN HEADLINES

ഡീസല്‍ നിരക്കിനെതിരെ കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍

ഡീസലിന്  വിപണി വിലയേക്കാളും കൂടുതല്‍ തുക ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചു. ഈ നില തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കി. കൂടിയ നിരക്ക് ശരിവെച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകള്‍ക്ക് വിപണി വിലയ്ക്കാണ് ഡീസല്‍ ലഭിക്കുന്നത്. അതേസമയം പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നല്‍കിയാണ് ഡീസല്‍ വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരിക്കുന്നത്.

ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ തുകയ്ക്ക് ഡീസല്‍ നല്‍കുന്നത് നീതികേടാണ്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദനത്തിന്റെ ലംഘനം കൂടിയാണ് എണ്ണക്കമ്പനികളുടെ നടപടിയെന്നും അപ്പീലില്‍ വിശദീകരിച്ചിട്ടുണ്ട്. വേനല്‍ അവധിക്ക് സുപ്രീം കോടതി അടയ്ക്കുന്നതിന് മുമ്പ് ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് കോര്‍പ്പറേഷന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button