ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസിലെ പ്രതി സന്ദീപുമായി പൊലീസ് തെളിവെടുപ്പ് നടത്തി
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസിലെ പ്രതി സന്ദീപുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുടവട്ടൂർ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. സന്ദീപിന്റെ അയൽവാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ നിന്നാണ് സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയതും.
ഇവിടെ എങ്ങനെയാണ് സന്ദീപ് എത്തിയതെന്ന് പൊലീസ് ചോദിച്ചറിഞ്ഞു. കാലിന് പരിക്ക് സംഭവിച്ചതെങ്ങനെയെന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്നു അയൽവാസികളെയും ബന്ധുക്കളെയും ഇവിടെക്ക് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു.
ഇന്നലെ സന്ദീപിന്റെ മെഡിക്കൽ പരിശോധന നടത്തിയിരുന്നു. മൂന്ന് സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെ ഏഴ് ഡോക്ടറർമാരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ പരിശോധന. പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇതിന് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അവിടെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്.